ലക്‌നൗ: വിശ്വാസികൾ വരുന്ന തിങ്കളാഴ്‌ച ബക്രീദ് ആഘോഷിക്കുകയാണ്. ഇതിനുമുന്നോടിയായി സംസ്ഥാനത്ത് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബക്രീദിനോടനുബന്ധിച്ച് തെരുവുകളിൽ നിസ്‌കരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബലി നൽകുന്നതിന്റെ ഭാഗമായി വിലക്കപ്പെട്ട മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനുള്ള ഇടങ്ങൾ മുൻകൂട്ടി അറിയിക്കും. മറ്റിടങ്ങളിൽ ബലി നൽകാൻ പാടില്ല. തർക്കബാധിത പ്രദേശങ്ങളിലും മറ്റും കശാപ്പ് പാടില്ല. നിരോധിത മൃഗങ്ങൾ ബലി നൽകപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ബലിതർപ്പണത്തിനു ശേഷമുള്ള മാലിന്യ നിർമാർജനത്തിന് ചിട്ടയായ കർമപദ്ധതി എല്ലാ ജില്ലകളിലും ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻകൂർ നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ നിസ്‌കാരം പാടുള്ളൂ. ഗതാഗതം സ്തംഭിപ്പിച്ച് നിസ്‌കാരം നടത്താൻ പാടില്ല. വിശ്വാസങ്ങളെ ബഹുമാനിക്കണമെങ്കിലും പുതിയ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ തടയാൻ യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥർക്കും പൊലീസിനും നിർദ്ദേശം നൽകി. സംസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.
ജൂൺ 16ന് ഹിന്ദുക്കൾ ഗംഗ ദസറ ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചും മുഖ്യമന്ത്രി നിർദേശങ്ങൾ നൽകി. ഗംഗാ ദസറയ്ക്ക് മുന്നോടിയായി ഗംഗാ നദിയുടെ ഘാട്ടുകൾ വൃത്തിയാക്കി അലങ്കരിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു. നിയുക്ത കുളിക്കടവുകളുടെ അതിർത്തി നിർണയിക്കും.
സുരക്ഷയ്ക്കായി മുങ്ങൽ വിദഗ്ദ്ധർ, പ്രദേശിക ആംഡ് കോൺസ്റ്റബുലറിയുടെ വെള്ളപ്പൊക്ക യൂണിറ്റ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവരെ വിന്യസിക്കും. അനാവശ്യ പവർകട്ട് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |