തിരുവനന്തപുരം: ആദ്യ സീസണിനേക്കാൾ മികച്ച മത്സരങ്ങൾക്കും താരപ്രകടനങ്ങൾക്കും വഴിയൊരുക്കിയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് കൊടിയിറങ്ങിയത്. എന്നാൽ ടീം സെലക്ഷനിൽ ഫ്രാഞ്ചൈസികൾ അൽപ്പംകൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ മനോഹരമായി മാറുമായിരുന്നു മത്സരങ്ങളെന്നാണ് കേരളത്തിലെ ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. താരലേലത്തിൽ പ്രൊഫഷണൽ സമീപനമൊഴിവാക്കി തങ്ങൾക്ക് വേണ്ടപ്പെട്ട കളിക്കാരെ സ്വന്തമാക്കാൻ പല ടീമുകളും ശ്രമിച്ചപ്പോൾ തഴയപ്പെട്ടവരിൽ കേരളത്തിനായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയവരുമുണ്ടായിരുന്നു.
പൊളിച്ചടുക്കിയ
പകരക്കാർ
പരിക്കേറ്റവർക്കും മറ്റ് മത്സരങ്ങൾക്കായി പോയവർക്കും പകരക്കാരായി ടൂർണമെന്റിനിടെ ടീമുകളിലെത്തിയ മിക്ക താരങ്ങളും താരലേലത്തിൽ ഒഴിവാക്കപ്പെട്ടവരായിരുന്നു. ഇങ്ങനെ പകരക്കാരായി എത്തിയവർ ടീമിൽ കളിച്ചുകൊണ്ടിരുന്നവരേക്കാൾ ഗംഭീരപ്രകടനം കാഴ്ചവയ്ക്കുന്നതിനാണ് ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ അണ്ടർ 19 താരമായിരുന്ന മുഹമ്മദ് ഇനാനുംജിഷ്ണുവുമൊക്കെ പകരക്കാരായെത്തി മാൻ ഒഫ് ദ മാച്ചുവരെയായി. രണ്ട് കളികളിൽ നിന്ന് 101 റൺസടിച്ച എ.കെ ആർകഷും ഒരു മത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തിയ ആദി അഭിലാഷും പി.കെ മിഥുനും നാലുകളികളിൽനിന്ന് 119 റൺസടിച്ച വിഷ്ണുരാജുമൊക്കെ തുടക്കംമുതലേ ടീമുകളിലുണ്ടായിരുന്നെങ്കിൽ കെ.സി.എൽ കൂടുതൽ കളറായേനെ.
കേരളത്തിനായി തിളങ്ങിയിട്ടും
കെ.സി.എല്ലിൽ കിട്ടാത്തവർ
കേരളത്തിനായി വിവിധ ഫോർമാറ്റുകളിലെ ഏജ്ഗ്രൂപ്പ് ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കെ.സി.എല്ലിൽ ഒരു ടീമിലും അവസരം ലഭിക്കാത്തവരുമുണ്ട്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും മികച്ച പ്രകടന നടത്തിയ ആർ.സി.ബിയുടെ നെറ്റ്സ് ബൗളറായിരുന്ന വൈശാഖ് ചന്ദ്രൻ, വിശ്വേശ്വർ സുരേഷ്, ആൾറൗണ്ടർ ആസിഫ് അലി,ഒമർ അബൂബക്കർ തുടങ്ങിയ പ്രതിഭകൾക്കാണ് ഈ ദുര്യോഗമുണ്ടായത്. ആസിഫ് കഴിഞ്ഞ സീസണിൽ ലഭിച്ച ഏക മത്സരത്തിൽ മികവ് കാട്ടിയിരുന്നു. താരലേലത്തിൽ 1.5 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന ബി കാറ്റഗറിയിലെ കളിക്കാർക്കാണ് പ്രധാനമായും ഇത്തരത്തിൽ തിരിച്ചടിയേറ്റത്.
എ കാറ്റഗറിയിൽ ആരും വിളിക്കാതെപോകുന്ന താരങ്ങളെ ബി കാറ്റഗറിയിലേക്ക് മാറ്റി ഒന്നര ലക്ഷം അടിസ്ഥാന തുകയ്ക്ക് ലേലം വിളിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ ബി കാറ്റഗറിക്കാരെ ആരും വിളിച്ചില്ലെങ്കിൽ സി കാറ്റഗറിയിലേക്ക് മാറ്റിയിരുന്നില്ല. നാല് എ കാറ്റഗറിക്കാർ ഒരു ടീമിൽ ഉണ്ടാകണമെന്ന നിബന്ധന ബി കാറ്റഗറിക്കാരുടെ കാര്യത്തിൽ ഉണ്ടായതുമില്ല. ഇക്കാര്യം ടൂർണമെന്റിന് മുന്നേ 'കേരള കൗമുദി" ചൂണ്ടിക്കാട്ടിയിരുന്നു. ടീമിലെടുത്തിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന വരുൺ നായനാരേയും രോഹൻ നായരെയും പോലുള്ള മികച്ച കളിക്കാരുമുണ്ട്.
വേണ്ടത് പ്രൊഫഷണൽ സമീപനം
തങ്ങൾക്ക് വേണ്ട കളിക്കാരെ കൃത്യമായി അവരുടെ സമീപകാല പ്രകടനത്തിന്റെയും ഫിറ്റ്നെസ് റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ പ്രൊഫഷണലായി തിരഞ്ഞെടുക്കുകയെന്നതാണ് ഫ്രാഞ്ചൈസികൾക്ക് വിജയത്തിലേക്കുള്ള വഴി. നന്നായി ഹോംവർക്ക് ചെയ്ത് കളിക്കാരെയെടുത്ത കൊച്ചി ബ്ളൂ ടൈഗേഴ്സ് സഞ്ജുവിനായി ചെലവിട്ട തുകയെക്കാൾ കുറഞ്ഞ തുകയ്ക്കാണ് ബാക്കി ടീമിനെ സെറ്റ് ചെയ്‌തത്. എല്ലാ കളിക്കാരുടേയും ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയശേഷമാണ് കെ.സി.എ താരലേലത്തിൽ ഉൾപ്പെടുത്തിയത്. വേണ്ടപ്പെട്ട ക്ളബുകളിലേയും അക്കാഡമികളിലേയും കുട്ടികൾക്ക് കെ.സി.എൽ പ്രവേശനത്തിനുള്ള വഴിയൊരുക്കാൻ തയ്യാറാകുന്നത് ടീമിന്റെ നിലവാരത്തെ ബാധിക്കും. ഇക്കാര്യത്തിൽ പ്രൊഫഷണൽ സമീപനം അടുത്തസീസൺ മുതൽ കാര്യക്ഷമമാക്കിയാൽ അത് ഫ്രാഞ്ചൈസികൾക്കും ടീമുകൾക്കും ഗുണകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |