ന്യൂഡൽഹി: വംശീയ കലാപം പൊട്ടിപുറപ്പെട്ട ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. മോദി എത്തുന്നതിന് തൊട്ടുമുമ്പ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മണിപ്പൂരിൽ അതീവ ജാഗ്രത തുടരുകയാണ്. കർശന സുരക്ഷ ഏർപ്പെടുത്തി.
ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ മോദി മണിപ്പൂരിലെത്തും. കലാപബാധിതരെ കാണും. കുക്കി മേഖലയായ ചുരാചന്ദ്പൂരിലും ഉച്ചയ്‌ക്ക് 2:30ന് മെയ്‌തികളുടെ കേന്ദ്രമായ ഇംഫാലിലുമെത്തും. ചുരാചന്ദ്പൂരിൽ 7,300 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രണ്ടിടങ്ങളിലും പൊതുറാലികളിൽ പ്രസംഗിക്കും. വൈകിട്ടോടെ അസാമിലേക്ക് പോകും. മണിപ്പൂരിലെ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിൽ പരാമർശമുണ്ടാകുമോയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. മോദി മണിപ്പൂരിൽ എത്താത്തതിൽ പ്രതിപക്ഷ പാർട്ടികൾ നിരന്തരം വിമർശനമുന്നയിക്കുന്നതിനിടെയാണ് സന്ദർശനം. മണിപ്പൂർ കൂടാതെ 15 വരെ മിസോറം, അസാം, ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളും മോദി സന്ദർശിക്കും.
അഞ്ചു സംസ്ഥാനങ്ങളിലുമായി 71,850 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് നിർവഹിക്കുുക. ഇന്ന് രാവിലെ മിസോറാമിലെത്തുന്ന മോദി, ഐസ്വാളിൽ 9,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പുതിയ റെയിൽപാതയായ ബൈറബി-സൈറാങ് പാത രാജ്യത്തിന് സമർപ്പിക്കും.
ചുരാചന്ദ്പൂരിൽ അക്രമം
ചുരാചന്ദ്പൂരിൽ കഴിഞ്ഞദിവസം വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് സായുധ ഗ്രൂപ്പുകൾ മോദിയെ
ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേന അടക്കം സുരക്ഷ വിലയിരുത്തി. പൊതുറാലികൾ നടക്കുന്ന ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും ഇംഫാലിലെ കൻഗ്ല ഫോർട്ടിലും കേന്ദ്രസേനയെയും പൊലീസിനെയും ഉൾപ്പെടെ വിന്യസിച്ചു.
നല്ലകാര്യമെന്ന് രാഹുൽ
ഇപ്പോഴെങ്കിലും മോദി മണിപ്പൂരിൽ പോകുന്നത് നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മണിപ്പൂർ ദുരിതത്തിലായിരുന്ന സമയത്ത് മോദി പൂർണമായും മാറിനിന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗം ബൃന്ദ കാരാട്ട് വിമർശിച്ചു. സന്ദർശനം പ്രഹസനമെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |