ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തമിഴ്നാട് സ്വദേശി സി.പി. രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു.
അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിലൂടെ ശ്രദ്ധാകേന്ദ്രമായ മുൻഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറും സന്നിഹിതനായിരുന്നു.
രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയില്ല. ചുമതലയേറ്രശേഷം ഉപരാഷ്ട്രപതി ആദ്യം പോയത് രാജ്ഘട്ടിൽ മഹാത്മാ ഗാന്ധി സമാധിയിൽ പുഷ്‌പാർച്ചന നടത്താനാണ്.തുടർന്ന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് അന്ത്യവിശ്രമം കൊള്ളുന്ന സദൈവ് അടലിലും പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ സ്‌മാരകത്തിലും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ സമാധി സ്ഥലമായ കിസാൻ ഘട്ടിലും പുഷ്‌പാർച്ചന നടത്തി. പാർലമെന്റിലെത്തി രാജ്യസഭാ അദ്ധ്യക്ഷനായും ചുമതലയേറ്റു. എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സി.പി. രാധാകൃഷ്‌ണൻ, 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയെ 152 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ബി.ജെ.പി വിമർശിച്ചു. മലേഷ്യയിൽ അവധിക്കാലം ആസ്വദിക്കാൻ പോകാൻ സമയമുണ്ട്. ഉത്തരവാദിത്തം നിർവഹിക്കാൻ രാഹുലിന് സമയമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |