മുംബയ്: മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയെയും നടി അനുഷ്ക ശർമ്മയെയും ആരാധകർ വിശേഷിപ്പിക്കുന്നത്. അനുഷ്ക അമ്മയായ ശേഷമാണ് സിനിമാ മേഖലയിൽ നിന്നും പതുക്കെ വിട്ട് നിൽക്കാൻ തുടങ്ങിയത്. കുറച്ചു കാലമായി താരത്തെ സിനിമകളിലൊന്നും കാണാറേയില്ല. സിനിമാ മേഖലയിലേക്ക് തിരിച്ചുവരാൻ അനുഷ്കയ്ക്ക് താൽപ്പര്യമില്ലെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നു പോലും നടി മാറി നിൽക്കുന്നതായി കാണാം.
ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്ക. വോഗിന് നൽകിയ അഭിമുഖത്തിലാണ് താരം സത്യാവസ്ഥ വ്യക്തമാക്കിയത്. വിരാട് കൊഹ്‌ലി മുഴുവൻ സമയവും ക്രിക്കറ്റ് കളിക്കണമെന്ന് തീരുമാനിക്കുന്നതു പോലെ എത്ര സിനിമകൾ എപ്പോൾ ചെയ്യണമെന്ന് തനിക്കും തീരുമാനിക്കാൻ കഴിയുമെന്ന് അനുഷ്ക പറയുന്നു. പ്രത്യേകിച്ച് കുട്ടികളുണ്ടായ ആദ്യ നാളുകളിൽ അവരെ പരിചരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് നടി പറഞ്ഞു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ആളുകളാണ് അനുഷ്കയും വിരാടും, ഇരുവരും ഉത്തരവാദിത്തങ്ങൾ എങ്ങനെയാണ് തുല്ല്യമായി പങ്കുവെച്ചതെന്നും അനുഷ്ക പറയുന്നുണ്ട്.
'കുട്ടികളെ നോക്കേണ്ടത് അച്ഛന്റെയും അമ്മയുടെയും കടമകളായിട്ടല്ല, മറിച്ച് ഇതൊക്കെ ഒരു കുടുംബത്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. ഞങ്ങൾക്ക്, ഞങ്ങളുടെ കുട്ടിയെ വളരെ തുറന്ന കാഴ്ചപ്പാടോടെ വളർത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് വർഷങ്ങളിൽ ഞാൻ ആണ് കുട്ടികളെ പരിചരിച്ചിരുന്നത്. ഞാനൊരു സ്വയം തൊഴിലെടുക്കുന്ന ആളായതു കൊണ്ട് , വർഷത്തിൽ എത്ര സിനിമകൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിരാടിന്റെ കാര്യത്തിൽ അങ്ങനെയല്ല, അദ്ദേഹം വർഷം മുഴുവനും മൈതാനത്താണ്. ഇതിൽ ഏറ്രവും പ്രധാന കാര്യം കുടുംബവുമായി ഒരുമിച്ച് ചെലവഴിക്കുന്ന സമയമാണ്.
കുട്ടികൾ നമ്മളിൽ നിന്നാണ് ഓരോ കാര്യങ്ങളും പഠിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുമ്പോൾ വളർന്നു വരുന്ന കുട്ടികൾക്ക് അത് അസാധാരണമായി തോന്നാനിടയുണ്ട്. കാര്യങ്ങൾ കൂടുതൽ വ്യത്യസ്തമായി കാര്യക്ഷമതോടെ കൈകാര്യം ചെയ്യേണ്ടിവരും. നമ്മൾ ലോകത്തെ എങ്ങനെ കാണുന്നു എന്നതിൽ നിബന്ധനകൾ പ്രധാന പങ്ക് വഹിക്കുന്നു. ഞാൻ അത്യാവശ്യം പുരോഗമനമൊക്കെയുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന ആളാണ്, അതിനാൽ ഇതൊക്കെ എല്ലായ്പ്പോഴും ഞങ്ങളുടെ ഭാഗമായിരിക്കും.
സ്നേഹമാണ് ഞങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാനം, മക്കൾ എല്ലാവരെയും ബഹുമാനിക്കണം. അതിനു വേണ്ടിയുള്ള അടിത്തറ നമ്മൾ തന്നെ പാകണം. അവരെ ഒന്നിനും കൊള്ളാത്തവരാക്കി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല'. അനുഷ്ക കൂട്ടിച്ചേർത്തു. 2017 ഡിസംബർ 11ന് ഇറ്റലിയിലെ ഫ്ലോറൻസിലാണ് വിരാടും അനുഷ്കയും വിവാഹിതരായത്. 2021 ജനുവരി 11 നായിരുന്നു, ആദ്യ കുഞ്ഞ് വാമികയ്ക്ക് ജന്മം നൽകുന്നത്. 2024 ഫെബ്രുവരി 15നായിരുന്നു, മകൻ അകായിയും ജനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |