ചെന്നൈ: നടനും മക്കൾ നീതി മയ്യം (എംഎൻഎം) തലവനുമായ കമൽ ഹാസൻ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറയുന്നു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്നിൽ നിന്ന് ജനങ്ങൾ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ആ പ്രതീക്ഷകൾക്കൊത്ത് മുന്നോട്ടു പോകാനാണ് നിശ്ചയിച്ചിരിക്കുന്നത്. സത്യസന്ധമായും ആത്മാർത്ഥതയോടും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി നിലകൊള്ളാൻ ഞാൻ പരമാവധി ശ്രമിക്കും'.- യാത്രാ മദ്ധ്യേ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
69കാരനായ നടന് ഇതൊരു സുപ്രധാന രാഷ്ട്രീയ നാഴികക്കല്ലാണ്. അഴിമതിക്കാരെ തുടച്ചുനീക്കാനും ഗ്രാമവികസനത്തിനും വേണ്ടി 2017ലാണ് കമൽ ഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപികരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഏകദേശം നാല് ശതമാനം വോട്ട് നേടിയിരുന്നു.
തുടർന്ന് 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അവിടെ കോയമ്പത്തൂർ സൗത്ത് സീറ്റിൽ ബിജെപിയുടെ വനതി ശ്രീനിവാസനോട് കമൽ ഹാസൻ പരാജയപ്പെടുകയുമായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് എംഎൻഎം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകി. ഇതിനെ തുടർന്നാണ് കമൽ ഹാസന് ഉപരിസഭയിൽ രാജ്യസഭ സീറ്റ് ഡിഎംകെ നൽകിയത്.
കാലത്തിന്റെ ആവശ്യമെന്നാണ് കമൽഹാസൻ അതിനെ വിശേഷിപ്പിച്ചത്. സ്ത്രീകൾക്ക് നേരിട്ടുള്ള ആനുകൂല്യം നൽകുന്നതിനുള്ള പ്രതിമാസ സഹായ പദ്ധതി എന്ന കമൽ ഹാസന്റെ കാഴ്ചപ്പാടിനെ ഡിഎംകെ അംഗീകരിക്കുകയും യോഗ്യരായ വനിതകൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന ധനസഹായ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു.
കമൽ ഹാസൻ ഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടാൽ ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി എംഎൻഎം 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നടൻ വിജയ്‌യുടെ ടിവികെയും രാഷ്ട്രീയ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കമൽ ഹാസന്റെ പാർലമെന്റ് പ്രവേശനത്തോടെ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലേക്ക് പുതിയ ഒരു അദ്ധ്യായത്തിന് കൂടി തുടക്കം കുറിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |