എങ്ങനെ പണം സമ്പാദിക്കാം? കഠിന പ്രയത്നം ചെയ്യണമെന്നായിരിക്കും മിക്കവരുടെയും മറുപടി. എന്നാൽ ഒന്നും ചെയ്യാതെ മാസം ലക്ഷങ്ങൾ സമ്പാദിക്കാനായാലോ? തമാശ പറയുകയാണോയെന്ന് കരുതാൻ വരട്ടെ, സംഭവം സത്യമാണ്. ജപ്പാൻ സ്വദേശിയായ ഷോജി മോറിമോട്ടോ 'ഒന്നും ചെയ്യാതെ' വർഷം 69 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. എങ്ങനെയെന്നല്ലേ ചിന്തിക്കുന്നത്?
യുവാവ് അദ്ദേഹത്തിനെത്തന്നെ വാടകയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ക്ലൈയിന്റിന് വേണ്ടി പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ട. അഭിപ്രായമോ, ഉപദേശമോ ഒന്നും കൊടുക്കാതെ ക്ലൈയിന്റിനെ ക്ഷമയോടെ കേട്ടിരുന്നാൽ മാത്രം മതി. ഇതോടെ ക്ലൈയിന്റിന് സംതൃപ്തിയാകും, ഷാജി മോറിമോട്ടോയ്ക്ക് പോക്കറ്റ് നിറയെ കാശും കിട്ടും. 2018ലാണ് അദ്ദേഹം 'സ്വയം വാടകയ്ക്ക്' നൽകാൻ തുടങ്ങി. ഇതുവരെ നാലായിരത്തോളം പേർക്കൊപ്പം പ്രവർത്തിച്ചു.
ജപ്പാനെ സംബന്ധിച്ച് ഇതൊരു പുതിയ സംഭവമല്ല. ജപ്പാനിൽ ആളുകൾക്ക് സുഹൃത്തിനെയും കാമുകനെയും കാമുകിയെയും വാടകയ്‌ക്കെടുക്കാം. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഇത് ഏറെ സഹായകമാണ്.
വീഡിയോ കോളിനിടെ അല്ലെങ്കിൽ നേരിട്ട് നിശബ്ദമായി ഇരിക്കുക, എതിർ വശത്തുള്ളയാൾക്ക് പറയാനുള്ളത് കേൾക്കുകയെന്നതാണ് ആകെ ചെയ്യേണ്ടത്. നേരത്തെ, ഷോജി മോറിമോട്ടോ 23 മണിക്കൂർ സെഷന് 10,000 മുതൽ 30,000 യെൻ വരെ (ഏകദേശം 5,400 മുതൽ 17,000രൂപവരെ) ഈടാക്കിയിരുന്നു. ഇപ്പോൾ, തുക നിശ്ചയിക്കാനും 'അവർക്ക് ഇഷ്ടമുള്ള രീതിയിൽ പണം നൽകാനും' അദ്ദേഹം തന്റെ ക്ലയന്റുകളെ അനുവദിക്കുന്നു. മുമ്പത്തേക്കാൾ നല്ല വരുമാനമാണെന്ന് അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |