അബുദാബി: യുഎഇയിൽ യുവ ബിരുദധാരികൾക്കുള്ള തൊഴിലവസരങ്ങൾ കാര്യമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. എഐയും ചാറ്റ് ജിപിറ്റിയും തന്നെയാണ് ഇവിടെയും വില്ലന്റെ റോളിൽ. സ്വദേശി വത്കരണവും എഐയുടെ കടന്നുവരവും മൂലം യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽതൊഴിൽ നേടുക എന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽ കിട്ടാതാവുക മാത്രമല്ല ഇപ്പോഴുള്ളവർക്ക് ജോലി നഷ്ടപ്പെടാനും സാദ്ധ്യത ഏറെയാണ്.
2022ൽ ചാറ്റ് ജിപിറ്റിയുടെ കടന്നുവരവോടെ എൻട്രി, ജൂനിയർ ലെവൽ ജോലികൾ ഏകദേശം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് ജോബ് സെർച്ച് വെബ്‌സൈറ്റായ 'Adzuna' പുറത്തുവിട്ട പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. എഐ സർവമേഖലകളിലും പിടിമുറുക്കിയതോടെ വെറും ബിരുദധാരികൾക്ക് അവസരം വളരെ കുറഞ്ഞിരിക്കുകയാണ്. ഏതെങ്കിലും മേഖകളിൽ സ്പെഷ്യലൈസ് ചെയ്തവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുന്നത്.
യുഎഇയിൽ നേരത്തേ മികച്ച തൊഴിൽ അവസരം ഒരുക്കിയിരുന്ന അക്കൗണ്ടിംഗ് മേഖല ഏറെക്കുറെ മുഴുവനായും എഐ കൈകടത്തിക്കഴിഞ്ഞു. അധികംവൈകാതെ തന്നെ ഈ മേഖലയിൽ പൂർണമായും എഐ കൈകടത്തുമെന്നാണ് ആ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ സമീപകാലത്ത് ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്കിൽ മുപ്പതുശതമാനമാണ് വർദ്ധനവുണ്ടായത്. ഇതിന് കാരണവും എഐ തന്നെയാണ്.
കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിലും ലാൻസ് സ്കേപ്പിംഗ് പോലുള്ള ജോലികൾക്ക് അവസരങ്ങൾ ഏറുന്നുണ്ടെന്ന് ശുഭസൂചനയും ലഭിക്കുന്നുണ്ട്. വെയർഹൗസ് അസിസ്റ്റന്റുമാർ, റിസ്‌പ്ഷനിസ്റ്റുകൾ, സെയിൽസ് എക്സിക്യൂട്ടീവുകൾ തുടങ്ങിയ ജോലികൾക്കാണ് ഇപ്പോൾ അവസരങ്ങൾ ഉയർന്നിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി രംഗം പോലുളള മേഖലകളുടെ വളർച്ചയാണ് ഇതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |