ബലമുള്ളതും ആരോഗ്യമുള്ളതുമായ മനസിനും ശരീരത്തിനും വ്യായാമം ചെയ്‌തേ തീരൂ. ആൺ പെൺ വ്യത്യാസം കൂടാതെ ഇപ്പോൾ മിക്കവരും ജിമ്മിലും ഹെൽത്ത്‌ക്ളബിലും പോകാൻ ശ്രദ്ധിക്കാറുണ്ട്. നടത്തം, ഓട്ടം, സൈക്കിൾ റൈഡ്, നീന്തൽ തുടങ്ങിയവയും മുടക്കാത്തവരുമുണ്ട്. പൊതുവേ ആണുങ്ങളാണ് വ്യായാമം ചെയ്‌തതിന്റെ ഫലങ്ങൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യുക. അമിത വണ്ണം, ജീവിതശൈലി പ്രശ്‌നങ്ങൾ എന്നിവയാണ് പലരെയും ആരോഗ്യപരമായ ജീവിതത്തിന് വേണ്ടി കഠിന വ്യായാമങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ വ്യായാമം ചെയ്യുന്നതുകൊണ്ട് ആർക്കാണ് കൂടുതൽ ഉപകാരപ്പെടുന്നത് എന്നറിയുമോ? സ്ത്രീകൾക്കാണോ പുരുഷന്മാർക്കാണോ ഇക്കാര്യത്തിൽ ഗുണമുണ്ടാകുക എന്നത് പഠനം നടത്തി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി അവരുടെ പ്രസിദ്ധീകരണം വഴി റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. 27നും 61നുമിടയിലുള്ള 4,12,000 പേരിൽ നടത്തിയ പഠനത്തിൽ പകുതിയിലേറെ പേരും വനിതകളായിരുന്നു.
ലഘുവായതുമുതൽ കഠിനമായതുവരെയുള്ള വ്യായാമങ്ങളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകൾക്ക് ഗുണമുണ്ടാകുന്നതായി കണ്ടെത്തി. 1997 മുതൽ 2017 വരെയുള്ള നാഷണൽ ഹെൽത്ത് ഇന്റർവ്യൂ സർവെ വഴി ശേഖരിച്ച വിവരങ്ങളാണ് ഇതിന് ഉപയോഗിച്ചത്. ക്യാൻസർ, തീവ്ര ഹൃദ്രോഗങ്ങൾ ഉള്ളവരെ സർവെയിൽ നിന്നും ഒഴിവാക്കിയിരുന്നു. സർവെയിൽ ഉൾപ്പെട്ടവർ എന്തെല്ലാം തരം വ്യായാമങ്ങളിലാണ് ഏർപ്പെട്ടത്? എത്ര നാൾ എത്രത്തോളം തീവ്രതയിൽ അത് ചെയ്‌തു എന്നും ഒപ്പം അവരുടെ സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ സവിശേഷതകളും ആരോഗ്യ വിവരങ്ങളും പഠനവിധേയമാക്കി.
സർവെയിൽ പങ്കെടുത്തവരിൽ പുരുഷന്മാരിൽ 43 ശതമാനവും സ്‌ത്രീകളിൽ 32 ശതമാനവും സ്ഥിരമായ എയറോബിക് പരിശീലനങ്ങളിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞു. ഇവർ ആഴ്‌ചയിൽ 150 മിനുട്ട് എങ്കിലും കുറഞ്ഞത് പരിശീലനത്തിന് ചെലവാക്കി. ഒരേ ലിംഗത്തിൽ പെട്ടവരെ കണക്കെടുക്കുമ്പോൾ വ്യായാമം ചെയ്യാത്തവരെക്കാൾ 24 ശതമാനം സ്‌ത്രീകൾക്ക് മരണസാദ്ധ്യത കുറഞ്ഞു. എന്നാൽ പുരുഷന്മാരിൽ ഇത് 15 ശതമാനം ആയിരുന്നു. സ്‌ത്രീകളിൽ ഇത് വളരെയെളുപ്പം സാദ്ധ്യമാകുമ്പോൾ പുരുഷന്മാർക്ക് ഇത് മെല്ലെയാണ് സാദ്ധ്യമായത്.
പുരുഷന്മാരിൽ 18 ശതമാനം മരണനിരക്ക് കുറഞ്ഞത് 300 മിനുട്ട് ലഘുവായതും കഠിനവുമായ വ്യായാമം പരിശീലിച്ചപ്പോഴാണ്. എന്നാൽ സ്ത്രീകളിൽ ഇതിനുതുല്യമായ അളവിലെത്താൻ 140 മിനുട്ടിന്റെ പരിശീലനം മാത്രം മതിയായിരുന്നു. 300 മിനുട്ട് ലഘുവും കഠിനമായതുമായ വ്യായാമം ചെയ്യുന്ന സ്‌ത്രീകളിൽ ആരോഗ്യപരമായി വലിയ നേട്ടം കണ്ടു. ഏതൊരു വ്യായാമം ചെയ്‌താലും ഗുണം ഏറെ ലഭിക്കുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്‌ത്രീകൾക്കായിരുന്നു എന്ന് തെളിഞ്ഞു.
സ്‌ട്രെംഗ്‌ത് ട്രെയിനിംഗ് പതിവാക്കിയവർ 20 ശതമാനമായിരുന്നു സ്‌ത്രീകൾ പുരുഷന്മാരാകട്ടെ 28 ശതമാനവും. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും സ്‌ട്രെംഗ്‌ത് ട്രെയിനിംഗ് നടത്തിയ സ്‌ത്രീകളിൽ ആയുർദൈർഘ്യം 18 ശതമാനം കൂടി. എന്നാൽ പുരുഷന്മാർക്ക് കൂടിയത് 11 ശതമാനമാണ്.
എയറോബിക് പരിശീലനം നടത്തുന്ന സ്‌ത്രീകളിൽ യാതൊരു പരിശീലനവും നടത്താത്ത സ്‌ത്രീകളെക്കാൾ 36 ശതമാനം മരണസാദ്ധ്യത കുറവായിരുന്നു. പുരുഷന്മാരിൽ ഇത് 14 ശതമാനം ആയിരുന്നു. പേശികളെ ശക്തിപ്പെടുത്തുന്ന സ്‌ത്രീകളിൽ ഹൃദ്രോഗ സാദ്ധ്യത 30 ശതമാനവും പുരുഷന്മാരിൽ 11 ശതമാനവും കുറഞ്ഞുകണ്ടു. എന്നാൽ ഈ വ്യായാമ കണക്ക് സാധാരണ കഠിനമായ ജോലികൾ ചെയ്യുന്നതിനെ ഒഴിവാക്കി ഉള്ളതായിരുന്നു.
2011ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും സമാനമായ ഫലമാണ് ലഭിച്ചിരുന്നത്. സ്‌ത്രീകളിലും പുരുഷന്മാരിലും മരണനിരക്ക് കുറയാൻ വ്യായാമം വഴി സാധിക്കും എന്ന പഠനഫലമാണ് ഇതിലുമുണ്ടായിരുന്നത്. 2024ൽ പുറത്തിറക്കിയ പുതിയ പഠനഫലം അറിഞ്ഞ് കൂടുതൽ സ്‌ത്രീകൾ വ്യായാമത്തിനായി തയ്യാറാകും എന്നുതന്നെയാണ് ഗവേഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |