ജോലിക്കായും, ടൂറിസ്റ്റായുമൊക്കെ ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേക്ക് പോകാറുണ്ട്. അത്തരത്തിൽ യൂറോപ്പിലേക്ക് പോയ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹിക്കാൻ പറ്റാത്ത വേനൽക്കാല അനുഭവത്തെക്കുറിച്ചാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
യൂറോപ്പിലേക്ക് വരരുത് എന്ന അടിക്കുറിപ്പോടെയാണ് യുവാവ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യൂറോപ്പിൽ യാത്ര ചെയ്യുന്നതിന്റെ വെല്ലുവിളികൾ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിലും എസിയോ ഫാനോ ഇല്ല, അതിനാൽത്തന്നെ സഹിക്കാൻ പറ്റാത്ത ചൂടാണെന്ന് യുവാവ് വ്യക്തമാക്കി.
കുപ്പിവെള്ളത്തിന് പോലും വലിയ തുക നൽകേണ്ടിവരുന്നു. പല സിറ്റികളിലും ചെറിയൊരു കുപ്പി വെള്ളത്തിന് 200 മുതൽ 250 രൂപ വരെയാണ് ഈടാക്കുന്നത്. താമസിക്കാൻ സൗകര്യം വളരെ കുറവുള്ള മുറികളാണ് ലഭിക്കുന്നത്. കൂടാതെ ചെലവേറിയതുമാണ്.
വേനൽക്കാലത്തിന് പകരം സെപ്തംബറിലോ ഒക്‌ടോബറിലോ യൂറോപ്പ് സന്ദർശിക്കുന്നതായിരിക്കും നല്ലതെന്ന് യുവാവ് പറയുന്നു. എന്നാൽ യുവാവിന്റെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ യുവാവ് പറയുന്നത് സത്യമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റുചിലർ യൂറോപ്പിൽ നല്ല താമസ സൗകര്യം ലഭിക്കുന്നുണ്ടെന്നൊക്കെ കമന്റ് ചെയ്‌തിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ഷെയർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |