അടുത്ത കാലത്തായി ലോകത്ത് പല ട്രെൻഡുകളും ഹിറ്റാകാറുണ്ട്. ആദ്യം കേൾക്കുമ്പോൾ നെറ്റിചുളിക്കുമെങ്കിലും പിന്നീട് പലരും ഇതിന്റെയൊക്കെ പിന്നാലെ പോകാറുണ്ട്. ഇപ്പോഴിതാ ചൈനയിൽ ഹിറ്രായ ഒരു ട്രെൻഡാണ് ലോകത്ത് ചർച്ചയാകുന്നത്. ചൈനയിലെ യുവതികളുടെ ഇടയിൽ ഹിറ്റായ 'മാൻ മം' എന്ന ട്രെൻഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള ആലിംഗനത്തിന് വേണ്ടി ചൈനീസ് യുവതികൾ പുരുഷന്മാർക്ക് പണം നൽകുന്നതിനെയാണ് 'മാൻ മം' എന്ന് പറയുന്നത്. പൊതു സ്ഥലങ്ങളിലോ മാളുകളിലോ, എവിടെ നിന്ന് വേണമെങ്കിലും ഈ ആലിംഗനം സ്വീകരിക്കാം.
സ്ത്രീകൾ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്ന സമയത്താണ് 'മാൻ മം' സേവനം തേടുന്നത്. മസ്‌കുലാർ ബോഡിയുള്ള പുരുഷന്മാർക്കാണ് ഈ രംഗത്ത് കൂടുതൽ ഡിമാൻഡ്. ഇവരുടെ മനോഹരമായ ആലിംഗനത്തിന് സമ്മർദ്ദം കുറയ്ക്കാനും സന്തോഷം ലഭിക്കാനും സാധിക്കുമെന്നതാണ് ഇതിന് പിന്നിലെ കാരണം. ആപ്പുകൾ വഴി 'മാൻ മം' സേവനം ബുക്ക് ചെയ്യാൻ സാധിക്കും. വൈകാരികമായ ഈ ആശ്വാസം നേടുന്ന യുവതികളുടെ എണ്ണം ചൈനയിൽ വർദ്ധിച്ചുവരികയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മസ്‌കുലാർ ബോഡിയുള്ള പുരുഷന്മാരെയാണ് കൂടുതൽ യുവതികളും തേടുന്നത്. കാരണം, ഇത്തരം ശാരീരിക ക്ഷമതയുള്ള പുരുഷന്മാരുടെ ആലിംഗനം യുവതികളുടെ സന്തോഷത്തിനും ആശ്വാസത്തിനും കാരണമാകുമെന്നാണ് കരുതുന്നത്. അടുത്തിടെ മാനസിക സമ്മർദ്ദത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിനി ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പഠന സമ്മർദ്ദത്തെ നേരിടാൻ തനിക്ക് ഒരു മാൻ മമ്മിനെ വേണമെന്നും അതിന് എത്ര തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറാണെന്നും വിദ്യാർത്ഥിനി പറയുന്നു. 'സെക്കൻഡറി സ്‌കൂളിൽ ഒരിക്കൽ എനിക്ക് ആലിംഗനം ലഭിച്ചപ്പോൾ സുരക്ഷിതത്വം തോന്നി. ഒരു ഭൂഗർഭ സ്റ്റേഷനിൽ വച്ച് നമുക്ക് അഞ്ച് മിനിറ്റ് കെട്ടിപ്പിടിക്കാം'- വിദ്യാർത്ഥിനി കുറിച്ചു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മാൻ മമ്മുകളെ തേടിക്കൊണ്ട് യുവതികൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവർ പുരുഷന്മാരെ തിരഞ്ഞെടുക്കുന്നത്. ചാറ്റ് ചെയ്തതിന് ശേഷമാണ് പലരും നേരിട്ട് കാണാൻ തയ്യാറാകുന്നത്. ഉയരമുള്ള പുരുഷന്മാരെയും അത്‌ലറ്റുകളായ വനിതകളെയും ചിലർ മാൻ മംസായി പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |