ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് വിവരിച്ച് പറഞ്ഞ് ജസ്റ്റിസ് കെമാൽ പാഷ. താനൊരു സഞ്ചാരിയാണെന്നും മലേഷ്യയിലെ ക്വാലാംലംപൂരിൽ വച്ചാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഞാൻ ക്വാലാംലംപൂരിൽ പലതവണ പോയിട്ടുണ്ട്. ആദ്യം ചെന്നപ്പോൾ ഞാനും ഭാര്യയും രണ്ട് സുഹൃത്തുക്കളുമുണ്ട്. ഇതിലൊരു സുഹൃത്ത് എല്ലായിടത്തും വന്നിട്ടില്ല. ഞങ്ങൾ ക്വാലാംലംപൂരിലെ പെനാംഗിലേക്ക് കാറിൽ പോകുകയായിരുന്നു. തമിഴ്നാട്ടുകാരനായ ഒരു സഹോദരനായിരുന്നു ഡ്രൈവർ. ഏകദേശം 400 കിലോമീറ്റർ ഉണ്ട്. വൈകിട്ട് ഒരു പ്രോഗ്രാമുണ്ട്, അതിനുമുമ്പ് തിരിച്ചെത്തുകയും വേണം. തിരിച്ചെത്തുമോയെന്ന ഭയപ്പാടുണ്ട്. വളരെ വിശാലമായ റോഡ്. കൂടെ വരാത്ത സുഹൃത്ത്, പോകുന്ന വഴിക്ക് നല്ലൊരു ക്ഷേത്രമുണ്ടെന്നും കാണേണ്ട കാഴ്ചയാണെന്നും ഫോൺ ചെയ്ത് പറഞ്ഞു.
പെനാംഗിൽ എത്തുന്നതിന് നാല് കിലോമീറ്റർ മുമ്പാണ് ക്ഷേത്രം. മെയിൻ റോഡിൽ നിന്ന് അമ്പത് മീറ്റർ ഉള്ളിലേക്കാണിത്. കാർ നിർത്തി, ഡ്രൈവർ ക്ഷേത്രം ചൂണ്ടിക്കാണിച്ചു. ഡ്രൈവർക്ക് നന്നായി മലയാളവും അറിയാം. നമുക്ക് ഒന്നിച്ചുപോകാമെന്ന് പറഞ്ഞെങ്കിലും, താൻ വരുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഹിന്ദു സഹോദരനാണ്, ക്ഷേത്രമല്ലേ എന്നൊക്കെ ചോദിച്ചിട്ടും വന്നില്ല. ഞങ്ങൾ മൂന്നുപേരും ഇറങ്ങി. രണ്ട് സൈഡിലും നിറയെ ഷോപ്പുകളാണ്.
ചൈനീസ് സാധനങ്ങൾ വിൽക്കുന്ന കടകളാണ്. സ്‌നേക്ക് ടെമ്പിൾ എന്നാണ് ക്ഷേത്രത്തിന്റെ പേര്. ഇതിന്റെ കുഴപ്പങ്ങളൊന്നും ഞാൻ അപ്പോൾ ആലോചിക്കുന്നില്ല. കടകളുടെ മുന്നിൽ പച്ചനിറത്തിലുള്ള റബ്ബർ പാമ്പുകളാണ്. സ്‌നേക്ക് ടെമ്പിൾ ആണല്ലോ. ഈ പാമ്പിനെ വാങ്ങിച്ച് അമ്പലത്തിൽ കൊടുക്കാനുള്ളതാണെന്ന് കരുതി. കുട്ടികൾക്ക് കളിക്കാൻ വാങ്ങിക്കാനുള്ള പാമ്പാണ്. ഞാനതിനെ ആദ്യമായിട്ടാണ് കാണുന്നത്. നമ്മുടെ പച്ചില പാമ്പ് പോലെയല്ല, കുറച്ചുകൂടി വണ്ണമുണ്ട്. അമ്പലത്തിന് വിശാലമായ കവാടമാണ്. അത് തുറന്നുകിടക്കുകയാണ്.
ചില ക്ഷേത്രങ്ങളിലൊക്കെ നമുക്ക് കയറാൻ പരിമിതികളുണ്ട്. ചോദിച്ച് കയറാമെന്ന് കരുതി. ഒരു അതികായനായ മനുഷ്യൻ അകത്തുനിന്ന് വന്നു. അയാൾ അവിടത്തെ പൂജാരിയാണ്. ഞങ്ങൾ ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ വരൂ എന്ന് പറഞ്ഞു. വിശാലമായ ഹാളാണ്. അവിടെ വിഗ്രഹങ്ങളൊന്നും കണ്ടില്ല. നിലവിളക്കുണ്ട്. അതിനുമുന്നിലായി നിരവധി പാത്രങ്ങളിലായി ഒരുപാട് പഴങ്ങൾ നിറച്ചുവച്ചിരിക്കുന്നു. കോഴിമുട്ടകളിട്ടുവച്ച പാത്രങ്ങളുമുണ്ട്. ഇതൊക്കെ നിരത്തിവച്ചിരിക്കുകയാണ്. ഈ ഇരിക്കുന്ന എല്ലാ സാധനത്തിലും നേരത്തെ കണ്ട ചൈനീസ് പാമ്പുകളുണ്ട്. നാനൂറിലധികം പാമ്പുകളുണ്ട്. ചിലത് ചുറ്റിവച്ചിരിക്കുന്നു. ചിലത് വൃത്തത്തിൽ കിടക്കുന്നു. തറയിലൊന്നും ഒന്നിനെയും കണ്ടില്ല. വളരെ അറേഞ്ച്ഡ് ആണ്. എനിക്ക് രസകരമായി തോന്നി.
ഈ ക്ഷേത്രത്തിൽ ആരുമില്ല. ആ പൂജാരി അകത്തേക്ക് പോയി. അതുകഴിഞ്ഞ് രണ്ട് ഇന്ത്യക്കാരായ വിദ്യാർത്ഥികൾ വന്നു. മലയാളികളല്ല. ഈ പാമ്പുകൾക്ക് ജീവനുണ്ടോയെന്ന് ആ വിദ്യാർത്ഥികളിലൊരാൾ ചോദിച്ചു. ഒരെണ്ണം പോലും അനങ്ങുന്നില്ല. ഞാൻ ഇല്ലെന്ന് പറഞ്ഞു. തറയിൽ കണ്ണാടിപ്പെട്ടിക്കകത്ത് വലിയൊരു പെരുമ്പാമ്പുണ്ട്. അതിനെ അടച്ചുവച്ചിരിക്കുകയാണ്. അതിലൊരു വിദ്യാർത്ഥി പതിയെ പാമ്പിനെ തൊട്ടു. പെട്ടെന്ന് അത് അനങ്ങി. അവൻ പേടിച്ച് കൈവലിച്ചു, സാർ അതിന് ജീവനുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് പൂജാരി ഇറങ്ങിവന്ന് പാമ്പിനെ തൊടരുതെന്ന് പറഞ്ഞു. ഇത് വിഷമുള്ളതാണോയെന്ന് ചോദിച്ചപ്പോൾ ഉഗ്രവിഷമുണ്ടെന്ന് അയാൾ പറഞ്ഞു. അപ്പോഴാണ് ചതി എനിക്ക് മനസിലായത്. നടന്നുപോകുമ്പോഴൊക്കെ ദേഹം തട്ടും. ആ രീതിയിൽ ഇരിക്കുകയാണ്. ഉഗ്രവിഷമുള്ള പാമ്പുകളാണ്, തൊടരുതെന്ന് ബോർഡിലുണ്ടെന്ന് അയാൾ പറഞ്ഞു. പക്ഷേ നമ്മൾ കേറുന്നയുടൻ ആ ബോർഡ് കാണില്ല. അപ്പോഴാണ് ഇവിടെ ആൾ വരാത്തതിന്റെ കാരണം മനസിലായത്. ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് കണ്ടത്. ഭയന്നുപോയി. ഞങ്ങൾ വെളിയിലേക്ക് ഇറങ്ങിയെന്ന് പറയുന്നത് ശരിയല്ല. തെറിച്ച് വെളിയിലേക്ക് വീണു എന്ന് പറയുന്നതാകും ശരി.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |