
ബംഗളൂരു: ഐപിഎല്‍ 18ാം സീസണില്‍ തോല്‍വി അറിയാതെ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ബംഗളൂരുവിന്റെ 'ലോക്കല്‍ ബോയ്' കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ 93*(53) മികവിലാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി വിജയം പിടിച്ചെടുത്തത്. 17.5 ഓവറുകളിലാണ് ഡല്‍ഹി വിജയിച്ചത്.
164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ തന്നെ ഫാഫ് ഡുപ്ലസിസ് 2(7), ജേക് ഫ്രേസര്‍ മക്ഗ്രക് 7(6), അഭിഷേക് പോരല്‍ 7(7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാമനായി എത്തിയ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 15(11) പുറത്താകുമ്പോള്‍ സ്‌കോര്‍ 8.4 ഓവറില്‍ 58ന് നാല്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 38(23) രാഹുലിന് മികച്ച പിന്തുണ നല്‍കി. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.
ആര്‍സിബിക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങളാണ് ഡല്‍ഹിയുടെ പേരിലുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ബംഗളൂരുവിന്റെ ക്രെഡിറ്റില്‍.
ഫിലിപ് സാള്‍ട്ട് നല്‍കിയ വെടിക്കെട്ട് തുടക്കം മുതലാക്കാന്‍ കഴിയാതെ ആര്‍സിബി ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ആദ്യ മൂന്ന് ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നുവെങ്കിലും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. കൃത്യതയോടെ പന്തെറിയുകയും ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ പിന്നീട് ബംഗളൂരു ബാറ്റര്‍മാരെ ഒരു ഘട്ടത്തിലും മുന്നേറാന്‍ അനുവദിച്ചില്ല.
23 പന്തുകളില്‍ നിന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് ജോഡിയായ ഫിലിപ് സാള്‍ട്ട് 37(17) വിരാട് കൊഹ്ലി 22(14) എന്നിവര്‍ പിരിഞ്ഞത്. പിന്നീടുള്ള 97 പന്തുകളില്‍ വെറും 102 റണ്‍സ് മാത്രമാണ് ബംഗളൂരു സ്‌കോര്‍ ചെയ്തത്. ദേവദത്ത് പടിക്കല്‍ 1(8), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 25(23) എന്നിവര്‍ നിരാശപ്പെടുത്തി. ലിയാം ലിവിംഗ്സ്റ്റണ്‍ 4(6) റണ്‍സ് നേടി പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ വെറും മൂന്ന് റണ്‍സ് സമ്പാദ്യത്തിനായി നേരിട്ടത് 11 പന്തുകള്‍. ക്രുണാല്‍ പാണ്ഡ്യ 18 പന്തുകളില്‍ നിന്ന് അത്രയും തന്നെ റണ്‍സ് മാത്രം നേടി പുറത്തായി.
എട്ടാമനായി ക്രീസിലെത്തി 20 പന്തുകളില്‍ നിന്ന് നാല് സിക്സറുകളും രണ്ട് ബൗണ്ടറിയും സഹിതം 37 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡ് ആണ് ആര്‍സിബിയുടെ സ്‌കോര്‍ 150 കടത്തിയത്. ഒരവസരത്തില്‍ 125ന് ഏഴ് എന്ന നിലയില്‍ 150 കടക്കാന്‍ ബുദ്ധിമുട്ടിയ സ്ഥിതിയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |