മുംബയ്: മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയും പാകിസ്ഥാനെ കുഴിച്ചുമൂടിയാണ് ഇന്ത്യ ഒൻപതാം വട്ടം ഏഷ്യാകപ്പിൽ മുത്തമിട്ടത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ ഇരുഘട്ടങ്ങളിലും പ്രധാനം ഫിനിഷിംഗാണെന്ന് പഠിപ്പിച്ച് ഇന്നലെ സൂര്യയും സംഘവും കപ്പുയർത്തുകയായിരുന്നു. ഇന്ത്യ കപ്പുയർത്തിതിന് പിന്നാലെ നിരവധി പേരാണ് ടീമിന് ആശംസയറിയിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് ആശംസയറിയിച്ച് മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആഘോഷമാക്കുകയാണ് മലയാളി താരം സഞ്ജു സാംസന്റെ ആരാധകർ.
ആശംസയറിയിച്ച് ഇന്ത്യൻ ടീമിന്റെ പത്തോളം ഏഷ്യാ കപ്പ് ചിത്രങ്ങളാണ് യുവരാജ് സിംഗ് പങ്കുവച്ചത്. ഇതിൽ മലയാളി താരം സഞ്ജുവിന്റെ ചിത്രമുണ്ടായിരുന്നു. ഈ ചിത്രത്തിന് താഴെയാണ് സഞ്ജുവിന്റെ ആരാധകർ ആഘോഷമാക്കുന്നത്. ടീമിന്റെ ഗ്രൂപ്പ് ചിത്രത്തിന് 1400 ലൈക്ക് ലഭിച്ചപ്പോൾ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രത്തിന് മാത്രം 44,000 പേരാണ് ലൈക്ക് ചെയ്തത്. ഗില്ലിന്റെയും തിലക് വർമ്മയുടെയും ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് പോലും 2,000ൽ കൂടുതൽ ലൈക്ക് ലഭിച്ചില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൂടാതെ നിരവധി മലയാളികൾ ചിത്രത്തിന് താഴെ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് കമന്റും ചെയ്യുന്നുണ്ട്.
അതേസമയം, 20/3 എന്ന നിലയിൽ നിന്ന് 150/5 എന്ന ഫിനിഷിലേക്കുള്ള ഇന്ത്യയുടെ ചേസിംഗിൽ കരുത്തായത് 53 പന്തുകളിൽ മൂന്നുഫോറും നാലുസിക്സുമടക്കം 69 റൺസുമായി പുറത്താകാതെനിന്ന തിലക് വർമ്മയാണ്. 21 പന്തുകളിൽ 24 റൺസ് നേടിയ സഞ്ജു സാംസണും 22 പന്തുകളിൽ 33 റൺസ് നേടി ശിവം ദുബെയും തിലകിന്റെ പോരാട്ടത്തിന് പിന്തുണ പകർന്നു. ഈ ടൂർണമെന്റിൽ ആദ്യമായി കളിക്കാനിറങ്ങിയ റിങ്കു സിംഗ് ആദ്യമായി നേരിട്ട പന്തിൽനിന്നാണ് കിരീടവിജയം കുറിച്ച റൺ പിറന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |