പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി. പാരീസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 19-ാം മിനിട്ടിൽ ഫെറാൻ ടോറസിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 38-ാം മിനിട്ടിൽ സെന്നി മയുലു സമനില പിടിച്ചു. 90-ാം മിനിട്ടിൽ ഗോൺസാലോ റാമോസാണ് പാരീസിന്റെ വിജയഗോൾ നേടിയത്.
മറ്റ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് കെയ്‌രാത്തിനെയും ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് പാഫോസിനേയും തോൽപ്പിച്ചു. റയലിന് വേണ്ടി കിലിയൻ എംബാപ്പെ ഹാട്രിക് നേടി. കാമാവിംഗയും ബ്രാഹിം ഡയസും ഓരോഗോളടിച്ചു.ബയേണിന് വേണ്ടി ഹാരി കേൻ ഇരട്ടഗോളുകൾ നേടി. ബെൻഫിക്കയ്ക്ക് എതിരായ മത്സരത്തിൽ 18-ാം മിനിട്ടിൽ ലഭിച്ച സെൽഫ് ഗോളിനാണ് ചെൽസിയുടെ ജയം. ടോട്ടൻഹാം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബോഡോയേയാണ് തോൽപ്പിച്ചത്.12-ാം മിനിട്ടിൽ ഗബ്രിയേല മാർട്ടീനിയും 90+2-ാം മിനിട്ടിൽ ബുക്കായോ സാക്കയും നേടിയ ഗോളുകൾക്ക് ആഴ്സനൽ ഒളിമ്പ്യാക്കോസിനെ തോൽപ്പിച്ചു.
മുൻചാമ്പ്യന്മാരായ ലിവർപൂളിനെ ഏകപക്ഷീയമായ ഏകഗോളിന് തുർക്കി ക്ളബ് ഗലറ്റസറി അട്ടിമറിച്ചു.16-ാം മിനിട്ടിൽ വിക്ടർ ഒസിംഹെനാണ് ഗലറ്റസറിയുടെ വിജയഗോൾ നേടിയത്.മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഫ്രഞ്ച് ക്ളബ് മൊണാക്കോ 2-2ന് സമനിലയിൽ തളച്ചു.15,44 മിനിട്ടുകളിലായി എർലിംഗ് ഹാലാൻഡാണ് സിറ്റിക്കുവേണ്ടി രണ്ടുഗോളുകളും നേടിയത്. 18-ാം മിനിട്ടിൽ യോർദാൻ ടെസെയും 90-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് എറിക്ക് ഡയറും മൊണാക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തു.
പ്രാഥമിക റൗണ്ടിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറുപോയിന്റുമായി ബയേൺ മ്യൂണിക്കാണ് ഒന്നാമത്. ആറുപോയിന്റ് തന്നെയുള്ള റയൽ മാഡ്രിഡ്, പി.എസ്.ജി, ഇന്റർ മിലാൻ, ആഴ്സനൽ എന്നിവരാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
മത്സരഫലങ്ങൾ
പി.എസ്.ജി 2- ബാഴ്സലോണ1
ആഴ്സനൽ 2-ഒളിമ്പ്യാക്കോസ് 0
യുവന്റസ് 2- വിയ്യാറയൽ 2
മൊണാക്കോ 2- മാഞ്ചസ്റ്റർ സിറ്റി 2
ടോട്ടൻഹാം 2- ബോഡോ 2
ബയേൺ 5- പാഫോസ് 1
ചെൽസി 1- ബെൻഫിക്ക 0
ഗലറ്റസറി 1- ലിവർപൂൾ 0
റയൽ മാഡ്രിഡ് 5- കെയ്‌രാത്ത് 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |