ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 108 പന്തിൽ 58 റൺസ് നേടിയ രാഹുൽ രണ്ട് സിക്സും ആറ് ഫോറും അടിച്ചെടുത്തു. ഈ ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
അവസാന ദിവസത്തെ ആദ്യ സെഷനിൽ 76 പന്തിൽ 39 റൺസടിച്ച സായ് സുദർശനാണ് പുറത്തായത്. വെസ്റ്റിൻഡീസ് ക്യാപ്ടൻ റോസ്റ്റൻ ചെയ്സിലിന്റെ പന്തിൽ സുദർശൻ പുറത്തായത്. ഒരു സിക്സും ഫോറും നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 13 റൺസിൽ പുറത്തുപോയി. റോസ്റ്റൻ ചെയ്സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തതോടെ പുറത്താവുകയായിരുന്നു. 35 ഓവറും രണ്ട് പന്തിലുമാണ് ഇന്ത്യ വിജയ റൺസിലേക്ക് കുതിച്ചത്.
ഫോളോ ഓണിനിറങ്ങിയ വിൻഡീസ് നാലാം ദിവസമായ ഇന്നലെ 390 റൺസിന് ആൾഔട്ടായതോടെ 121 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 518/5 എന്ന സ്‌കോറിന് ഡിക്ളയർ ചെയ്തിരുന്ന ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 248 റൺസിന് അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യ വിൻഡീസിനെ ഫോളോഓണിനിറക്കുകയായിരുന്നു.
മൂന്നാം ദിവസം 173/2 എന്ന നിലയിലായിരുന്ന വിൻഡീസിനെ ഓപ്പണർ ജോൺ കാംപ്‌ബെല്ലിന്റെയും (115) മദ്ധ്യനിര ബാറ്റർ ഷായ് ഹോപ്പിന്റെയും (103)സെഞ്ച്വറികളും ജസ്റ്റിൻ ഗ്രീവ്സ് (50*) പുറത്താകാതെ നേടിയ അർദ്ധസെഞ്ച്വറിയും ക്യാപ്ടൻ റോസ്റ്റൺ ചേസിന്റെ 40 റൺസും ജയ്ഡൻ സീൽസിന്റെ 32 റൺസുമാണ് ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. തലേന്ന് 87 റൺസുമായി നിന്ന കാംപ്‌ബെൽ ഇന്നലെ സെഞ്ച്വറികടന്ന് പുറത്താകുമ്പോൾ വിൻഡീസ് 212 റൺസിലെത്തിയിരുന്നു.
2002ൽ വേവൽ ഹിൻഡ്സ് ഈഡൻ ഗാർഡൻസിൽ സെഞ്ച്വറി നേടിയശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വിൻഡീസ് ഓപ്പണറാണ് കാംപ്‌ബെൽ. 2006ൽ വിൻഡീസിൽ വച്ച് സെഞ്ച്വറി നേടിയ ഡാരൻ ഗംഗയാണ് ഇന്ത്യയ്‌ക്കെതിരെ ഇതിനുമുമ്പ് സെഞ്ച്വറി നേടിയ വിൻഡീസ് ഓപ്പണർ. കാംപ്‌ബെല്ലിന് പകരമിറങ്ങിയ ക്യാപ്ടനെക്കൂട്ടി ചേസ് സെഞ്ച്വറിയിലേക്ക് കടന്നു. ടീം സ്‌കോർ 271ൽവച്ച് ഹോപ്പിനെ സിറാജും 293ൽ വച്ച് ഇമ്ളാച്ചിനെ കുൽദീപും പുറത്താക്കി.
298ൽ വച്ച് ചേസും ഖ്വാറി പിയറിയും (0) കുൽദീപിന് ഇരയായി. 307ലെത്തിയപ്പോൾ വാരിക്കനെയും (3) 311ൽ വച്ച് ആൻഡേഴ്സൺ ഫിലിപ്പ്സിനെയും (2) ബുംറയും മടക്കി അയച്ചു. എന്നാൽ പത്താം വിക്കറ്റിൽ ജയ്ഡൻ സീൽസിനെ(32)ക്കൂട്ടി ഗ്രീവ്സ് നടത്തിയ പോരാട്ടം വിൻഡീസിനെ 390ലെത്തിച്ചു. 79 റൺസാണ് ഗ്രീവ്സും സീൽസും കൂട്ടിച്ചേർത്തത്.സീൽസിനെ വാഷിംഗ്ടൺ സുന്ദറിന്റെ കയ്യിലെത്തിച്ച് ബുംറയാണ് സഖ്യം പൊളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |