ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും നിലവിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടറുമായ അജിത് അഗാർക്കർ തന്റെ കരിയറിനെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളാണ് ശ്രദ്ധേയമാകുന്നത്. കമന്റേറ്ററായും കളിക്കാരനായും പ്രവർത്തിച്ചതിനേക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് നിലവിലെ സെലക്ടർ പദവിയെന്ന് അദ്ദേഹം പറഞ്ഞു. പലരുടെയും കരിയറിന് രൂപം നൽകേണ്ട ഉത്തരവാദിത്തം ഈ ജോലിക്കുണ്ടെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്ററി രംഗത്തേക്ക് തിരിഞ്ഞ അഗാർക്കർ പിന്നീട് ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കുകയായിരുന്നു. തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് ചോദിച്ചപ്പോൾ സെലക്ടർ ജോലി ഏറ്റവും കടുപ്പമേറിയതും എന്നാൽ പ്ലെയർ ആയിരുന്നപ്പോഴാണ് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയിരുന്നതെന്നും അഗാർക്കർ പറയുന്നു.
"എളുപ്പമുള്ള കാര്യം ആദ്യം പറയാം. കമന്റേറ്റർ ജോലി. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടാവാം. ഗ്രൗണ്ടിൽ മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ടാവാം. പക്ഷെ ശരിയായ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ കമന്റേറ്റർ ജോലി പൂർത്തിയായി വീട്ടിൽ പോകാം," എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെ അഗാർക്കർ പറഞ്ഞു.
"ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയത് ക്രിക്കറ്റർ ആയിരുന്നപ്പോഴാണ്. ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും, നമ്മുടെ ജോലിയും സ്ഥാനവുമൊക്കെ അപകടത്തിലാണെന്ന് തോന്നും. പക്ഷെ ക്രിക്കറ്റർ എന്ന നിലയിൽ പന്തോ ബാറ്റോ കൈകളിലുണ്ടാകുമെന്നാതാണ് ഒരു ഗുണം," അഗാർക്കർ പറയുന്നു.
നിലവിലെ സെലക്ടർ ജോലിയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കാരണം രാജ്യത്തെ പ്രതിഭകളുടെ ബാഹുല്യമാണെന്നും അഗാർക്കർ ചൂണ്ടിക്കാട്ടി. പല കാര്യങ്ങളും നിയന്ത്രണത്തിലായെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
"വലിയൊരു ഉത്തരവാദിത്തമാണിത്. ഓരോരുത്തരുടെയും കരിയറിന് രൂപം നൽകുകയാണ് ചെയ്യുന്നത്. എടുക്കുന്ന ഒരോ തീരുമാനവും ഒരു ക്രിക്കറ്ററുടെ കരിയറിനെ നല്ലതും മോശവുമായ രീതിയിൽ സ്വാധീനിച്ചേക്കാം. എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല," അഗാർക്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |