ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ ലൈറ്റ് കോപാക്‌ട് എയർക്രാഫ്‌റ്റ് (എൽ.സി.എ) തേജസിന്റെ മാർക്ക് 1എ (എം.കെ1എ) നാസിക്കിൽ ആദ്യ പറക്കൽ നടത്തി. ഈ വിമാനം വാങ്ങാൻ ചില വിദേശ രാജ്യങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചെന്ന് എച്ച്.എ.എൽ ചെയർമാൻ ഡി.കെ സുനിൽ അറിയിച്ചു.
എച്ച്.എ.എല്ലിന്റെ നാസിക് പ്ളാന്റിൽ നിർമ്മിച്ച തേജസ് എം.കെ 1 എയുടെ ആദ്യ പറക്കലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിൽ. രണ്ട് വർഷം കൊണ്ടാണ് ആദ്യ വിമാനം നിർമ്മിച്ചത്. രണ്ട് വിമാനങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. 2032-33 ഓടെ 180 വിമാനങ്ങൾ പൂർത്തിയാകും. പരിഷ‌്കരിച്ച എൽ.സി.എ മാർക്ക് 2 വിമാനം അണിയറയിലാണെന്നും ചെയർമാൻ പറഞ്ഞു. 2032-33 ഓടെ ഉൽപ്പാദനം തുടങ്ങും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ പറക്കൽ. വിമാനത്തിന് ജലപീരങ്കികൾ സ്വാഗതമേകി. നിരവധി പരീക്ഷണപ്പറക്കലുകൾക്ക് ശേഷം എം.കെ 1എ വിമാനത്തിൽ മിസൈലുകളും റഡാർ അടക്കം നിരീക്ഷണ ഉപകരണങ്ങളും ഘടിപ്പിക്കും. നാസിക്കിലെ തേജസ് മൂന്നാം നിർമ്മാണ പ്ളാന്റും പരിശീലനത്തിനുള്ള എച്ച്.ടി.ടി- 40 വിമാനം നിർമ്മിക്കാനുള്ള രണ്ടാം പ്ളാന്റും മന്ത്രി ഉദ്ഘാടനം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം റഫേലിനെക്കാളും അമേരിക്കയുടെ എഫ് 16നെക്കാളും കരുത്തനാണ് തേജസിന്റെ മാർക്ക് 1എ
കരുത്തിൽ മുന്നിൽ
വേഗത മണിക്കൂറിൽ - 2200 കിലോമീറ്റർ
സിംഗിൾ സീറ്റർ ജെറ്റുകൾ- 68
ഇരട്ട സീറ്റർ ജെറ്റുകൾ- 29
നാലാം തലമുറ ഒറ്റ എൻജിൻ വിമാനം
യു.എസ് നിർമ്മിത എൻജിൻ
ഭാരം- 13,300
ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം
മിസൈലുകൾ അടക്കം നാല് ടൺ പോർമുനവഹിക്കും
അത്യാധുനിക ഇലക്ട്രോണിക് യുദ്ധ വിമാനങ്ങളും ഇലക്ട്രോണിക് മുന്നറിയിപ്പ് സംവിധാനങ്ങളും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |