ദോഹ: വെടിനിറുത്തൽ ലംഘിച്ച് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അടക്കം 10 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൈകി പ്രവിശ്യയിലെ മൂന്നിടങ്ങളിലായിരുന്നു പാക് ആക്രമണം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 12 പേർക്ക് പരിക്കേറ്റു.
ഉർഗുൻ ജില്ലാ ടീമിലെ അംഗങ്ങളായ കബീർ, സിബ്‌ഗത്തുള്ള, ഹറൂൺ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇവർ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷറാനയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുത്ത ശേഷം ഉർഗുനിൽ മടങ്ങിയെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തെ ശക്തമായി അപലപിച്ച ബോർഡ്, പാക്-അഫ്ഗാൻ-ശ്രീലങ്ക ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിൽ നിന്ന് പിന്മാറി. നവംബർ 17 മുതൽ 29 വരെ ലാഹോറിലും റാവൽപിണ്ടിയിലും വച്ചായിരുന്നു മത്സരം. ആക്രമണത്തെ അപലപിച്ച് റാഷിദ് ഖാൻ അടക്കമുള്ള താരങ്ങളും രംഗത്തെത്തി.
പാകിസ്ഥാനും അഫ്ഗാനും ഇടയിൽ ബുധനാഴ്ച നിലവിൽ വന്ന 48 മണിക്കൂർ വെടിനിറുത്തൽ ഖത്തർ ഇടപെട്ട് നീട്ടിയ പിന്നാലെയായിരുന്നു പാക് പ്രകോപനം. തെഹ്‌രിക് - ഇ - താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി) ഒളിസങ്കേതങ്ങൾ ലക്ഷ്യമിട്ടെന്നാണ് പാക് വിശദീകരണം. വെള്ളിയാഴ്ച അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് ആർമി ക്യാമ്പിലുണ്ടായ ടി.ടി.പി ചാവേർ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടിരുന്നു.
അതേ സമയം, പാകിസ്ഥാന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇന്നലെ തുടങ്ങിയ സമാധാന ചർച്ച പൂർത്തിയാകുംവരെ സംയമനം പാലിക്കാനാണ് അഫ്ഗാന്റെ തീരുമാനം.
ഖത്തറും സൗദി അറേബ്യയും മദ്ധ്യസ്ഥത വഹിക്കുന്ന ചർച്ചയിൽ താലിബാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും പങ്കെടുക്കുന്നുണ്ട്. ടി.ടി.പിയ്ക്ക് അഫ്ഗാൻ അഭയം നൽകുന്നെന്ന് കാട്ടിയാണ് പാകിസ്ഥാൻ കടന്നാക്രമണം തുടരുന്നത്. ആരോപണം താലിബാൻ നിഷേധിക്കുന്നു
# സംഘർഷത്തിന്റെ വഴികൾ
ഒക്ടോബർ 8 - ഖൈബർ പക്തൂൻഖ്വയിൽ ടി.ടി.പി ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു
ഒക്ടോബർ 9 - അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽ പാക് ബോംബാക്രമണം. സംഭവം അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നതിനിടെ
ഒക്ടോബർ 11 - അഫ്ഗാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനുമായുള്ള അതിർത്തി ക്രോസിംഗുകൾ പാകിസ്ഥാൻ അടച്ചു
ഒക്ടോബർ 15 - കാണ്ഡഹാർ പ്രവിശ്യയിൽ പാക് വെടിവയ്പിലും ഷെല്ലാക്രമണത്തിലും 15 പേർ കൊല്ലപ്പെട്ടു. 48 മണിക്കൂർ വെടിനിറുത്തൽ പ്രാബല്യത്തിൽ
ഒക്ടോബർ 17 - ദോഹയിലെ സമാധാന ചർച്ച പുരോഗമിക്കും വരെ വെടിനിറുത്തൽ നീട്ടി. പിന്നാലെ പക്തികയിൽ പാക് പ്രകോപനം
# പരിഹരിക്കാൻ എളുപ്പം: ട്രംപ്
പാക്-അഫ്ഗാൻ വിഷയത്തിൽ ഇടപെട്ടേക്കുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷത്തെ പറ്റി ധാരണയുണ്ടെന്നും തനിക്ക് അത് പരിഹരിക്കാൻ എളുപ്പമാണെന്നും ട്രംപ് പറഞ്ഞു. അതേ സമയം, ഖത്തറിലെ ചർച്ചയിൽ യു.എസിന് പങ്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |