ന്യൂഡല്‍ഹി: സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച സ്‌കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ആണ് ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ 112*(65) പുറത്താകാതെ നില്‍ക്കുകയും ചെയ്തു. 14 ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. മത്സരത്തില്‍ അഭിഷേക് പോരലിന് പകരം ഡല്‍ഹിയുടെ ഓപ്പണറായിട്ടാണ് ഇന്ന് രാഹുല്‍ ക്രീസിലെത്തിയത്.
മറ്റൊരു ഓപ്പണര്‍ ഫാഫ് ഡുപ്ലസിസ് 5(10) പെട്ടെന്ന് പുറത്തായി. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ടീം ബുദ്ധിമുട്ടിയെങ്കിലും രാഹുല്‍ താളം കണ്ടെത്തിയതോടെ ഡല്‍ഹി വേഗത്തില്‍ കുതിച്ചു. മൂന്നാമനായി ക്രീസിലെത്തിയ അഭിഷേക് പോരല്‍ 30(19) റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 25(16) റണ്‍സ് നേടിയപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 21(10) കെഎല്‍ രാഹുലിന് ഒപ്പം പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി പ്രസീദ്ധ് കൃഷ്ണ, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഡല്‍ഹിക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. അതേസമയം മറുവശത്ത് ഉള്ള ഗുജറാത്ത് ബാറ്റര്‍മാര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്തുന്നത ആദ്യത്തെ ടീമായി മാറാന്‍ കഴിയും. ഗുജറാത്തിന് 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റും അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് ഡല്‍ഹിക്ക് 13 പോയിന്റുമാണ് ക്രെഡിറ്റിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |