മോസ്കോ: റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിൽ യാത്രാവിമാനം തകർന്നുവീണ് 48 മരണം. ഇന്നലെ ചൈനീസ് അതിർത്തിയോട് ചേർന്ന അമൂർ ഒബ്ലാസ്റ്റിലെ റ്റിൻഡ ജില്ലയിലായിരുന്നു സംഭവം. ബ്ലാഗോവെഷ്‌ചെൻസ്‌കിൽ നിന്ന് റ്റിൻഡയിലേക്ക് വന്ന 50 വർഷത്തോളം പഴക്കമുള്ള ആന്റനോവ് എ.എൻ-24 മോഡൽ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കവെ കൊടുംവനത്തിൽ തകർന്നു വീഴുകയായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകട സമയം അന്തരീക്ഷം മേഘാവൃതമായിരുന്നെന്നും വിമാനം നടത്തിയ ആദ്യ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടിരുന്നെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെ വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായി. റഷ്യൻ സിവിൽ ഏവിയേഷന്റെ ഹെലികോപ്റ്റർ വഴി നടത്തിയ തെരച്ചിലിൽ റ്റിൻഡയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാടിനുള്ളിൽ ഒരു കുന്നിൽ വിമാനാവശിഷ്ടങ്ങൾ കത്തിയമരുന്നത് കണ്ടെത്തി.
മേഖലയിൽ റോഡുകളില്ലാത്തിനാൽ നൂറിലേറെ പേരടങ്ങുന്ന രക്ഷാദൗത്യ സംഘം ഏറെ ബുദ്ധിമുട്ടിയാണ് അപകടസ്ഥലത്ത് എത്തിച്ചേർന്നത്. മരങ്ങൾ വെട്ടിമാറ്റാനും വഴി തെളിക്കാനും സങ്കീർണമായ യന്ത്രങ്ങളുടെ സഹായം വേണ്ടി വന്നു.
അഞ്ച് കുട്ടികളടക്കം 42 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈബീരിയ ആസ്ഥാനമായുള്ള സൗകര്യ എയർലൈനായ അൻഗാരയുടെ കീഴിൽ സർവീസ് നടത്തിയ വിമാനമാണിത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അപകട പശ്ചാത്തലത്തിൽ അമൂറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
യാത്രികരിൽ ഒരാൾ ചൈനീസ് പൗരനാണെന്നാണ് റിപ്പോർട്ട്. റഷ്യൻ റെയിൽവേ ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയുള്ള സന്ദേശം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |