ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. 32 പന്തുകളില്‍ 44 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവന്‍ശിയാണ് കെകെആര്‍ നിരയിലെ ടോപ് സ്‌കോറര്‍. 174ന് നാല് എന്ന മികച്ച നിലയില്‍ നിന്ന കെകെആറിന് പക്ഷേ അവസാന മൂന്ന് ഓവറുകളില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.
ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ് 26(12), സുനില്‍ നരെയ്ന്‍ 27(16) എന്നിവര്‍ മിന്നല്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 26(14) റണ്‍സ് നേടി. മോശം ഫോം തുടരുന്ന വെങ്കടേഷ് അയ്യര്‍ 7(5) റണ്‍സ് നേടി പുറത്തായി. റിങ്കു സിംഗ് 25 പന്തുകളില്‍ നിന്ന് 36, ആന്ദ്രേ റസല്‍ 17(9), റോവ്മാന്‍ പവല്‍ 5(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. അനുകൂല്‍ റോയ് പൂജ്യത്തിന് പുറത്തായി.
ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് നാലോവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിപ്‌രാജ് നിഗം, ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം കിട്ടിയപ്പോള്‍ ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ നിര്‍ണായകമാണ്. പഞ്ചാബിനെതിരായ അവരുടെ കഴിഞ്ഞ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |