വാഷിംഗ്ടൺ: റഷ്യയും യുക്രെയിൻ ഉറപ്പുള്ള നിർദ്ദേശങ്ങളുമായി മുന്നോട്ടുവന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം യു.എസ് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. വെടിനിറുത്തൽ കരാറിലെത്താൻ യു.എസ് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും റഷ്യയും യുക്രെയിനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. അധികാരത്തിലെത്തി ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദ്ധാനം. എന്നാൽ ഇരുരാജ്യങ്ങളും നേരിട്ട് ചർച്ച നടത്താൻ പോലും ഇതുവരെ തയ്യാറായിട്ടില്ല. യുക്രെയിന്റെ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണം, പിടിച്ചെടുത്ത നാല് പ്രവിശ്യകൾ യുക്രെയിന് തിരികെ നൽകില്ല തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് റഷ്യ പിന്നോട്ടില്ല. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയാകട്ടെ, ഇവ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ട്രംപിന്റെ പ്രതിനിധി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ചകളും നടത്തിയിരുന്നു. യുക്രെയിനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ വ്യോമാക്രമണങ്ങൾ തുടരുന്നതിനെതിരെയും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം, പുട്ടിൻ യുക്രെയിനിൽ മൂന്ന് ദിവസത്തെ താത്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു. മേയ് 8 മുതൽ 10 വരെയാണ് വെടിനിറുത്തൽ. റഷ്യയിൽ വിജയദിനത്തിന്റെ (വിക്ടറി ഡേ) 80 -ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണിത്. മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് പുട്ടിൻ പറയുന്നു. വെടിനിറുത്തലിനെ യുക്രെയിൻ തള്ളിയിരുന്നു. ഈസ്റ്ററിന് റഷ്യ യുക്രെയിനിൽ 30 മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുപക്ഷവും ലംഘനങ്ങൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |