തിരുവനന്തപുരം: ലോക കായിക ഭൂപടത്തിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ദ്രോണാചാര്യർ ആയിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫസർ സണ്ണി തോമസ്. ഷൂട്ടിംഗ് മത്സരങ്ങളിൽ ഒന്നുമല്ലാത്ത കാലത്തിൽ നിന്ന് ഇന്ത്യയെ ഒളിമ്പിക്‌സുൾപ്പെടെയുള്ള ലോക വേദികളിൽ മെഡൽത്തിളക്കത്തിലേക്കെത്തിച്ചതിന് പിന്നിൽ സണ്ണി തോമസിന്റെ അധ്വാനത്തിനും അർപ്പണബോധത്തിനും പ്രധാന പങ്കുണ്ട്.
ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ ഉന്നം കിറുകൃത്യമാക്കാൻ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. 1993മുതൽ 2012വരെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ ചീഫ് കോച്ചായിരുന്നപ്പോൾ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത് ഒരു സ്വർണമുൾപ്പെടെ 4 ഒളിമ്പിക്സ് മെഡലുകൾ എത്തിയത് ആ കാലഘട്ടത്തിലാണ്.
2004ൽ രാജ്യവർധൻ സിംഗ് റാത്തോഡ് നേടിയ വെള്ളിയിലൂടെയാണ് ഷൂട്ടിംഗിൽ ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടുന്നത്. 2008ൽ അഭിനവ് ബിന്ദ്രയുടെ സ്വർണ നേട്ടം സണ്ണി തോമസെന്ന പരിശീലകന്റെ തൊപ്പിയിലെ പൊൻ തൂവലായി. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ നേട്ടമായിരുന്നു ഇത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നരംഗ് വെങ്കലവും നേടി. സണ്ണി തോമസിന് വീണ്ടും അഭിമാന നേട്ടമായി ഇത്.
കഴിഞ്ഞ ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടിയ മനു ഭാക്കറിന്റെ കോച്ച് ജസ്‌പാൽ റാണ, സമരേഷ് ജുംഗ്, അഞ്ജലി ഭഗവത്ത് എന്നിവരുൾപ്പെടെയുള്ളവരുടേയും മെഡൽ നേട്ടങ്ങളിൽ സണ്ണി തോമസ് നിർണായക പങ്കുവഹിച്ചു.
ബഹുമുഖ പ്രതിഭ
ചെറുപ്പത്തിൽ ബോൾബാഡ്മിന്റണും ക്രിക്കറ്റും ടെന്നീസുമൊക്കെയായിരുന്നു സണ്ണി തോമസിന്റെ ഇഷ്ട വിനോദകൾ. ഇതിനിടെ പിതാവിൽ നിന്ന് പകർന്നു കിട്ടിയ കഥാപ്രസംഗത്തോടുള്ള താത്പര്യം കാഥികനുമാക്കി. നാടക നടനുമായിരുന്നു. പിതാവ് തോമസിൽ നിന്ന് തന്നെയാണ് സണ്ണി ഷൂട്ടിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിതാവിന് നായാട്ടിനോടുള്ള താത്പര്യം സണ്ണിക്കും കിട്ടി. അങ്ങനെ ചെറുപ്പത്തിലെ സണ്ണി ഉന്നം പിടിച്ചു തുടങ്ങി.
റൈഫിൾ ക്ലബ് വഴിത്തിരിവായി
35 വർഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു സണ്ണി തോമസ്. 1965ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിപ്പിക്കുന്ന സമയത്താണ് പ്രൊഫഷണൽ ഷൂട്ടിംഗ് രംഗത്തേക്ക് വരുന്നത്. കോട്ടയം റൈഫിൾ ക്ലബിലെ ഭരവാഹികൾ സണ്ണിയെ ക്ഷണിക്കുകയായിരുന്നു.കോട്ടയത്തിനായി സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.1970ൽ ഹൈദരാബാദിലെ വെപ്പൺ ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിനായി പോയി. ഇവിടെ നിന്നാണ് ഷൂട്ടിംഗിലെ സാങ്കേതിക വശങ്ങൾ പഠിക്കുന്നത്. 1974മുതൽ 76വരെ തുടർച്ചയായി മൂന്ന് തവണ സംസ്ഥാന ചാമ്പ്യനായി.1976ലാണ് ദേശീയ ചാമ്പ്യനാകുന്നത്. ഷൂട്ടിംഗിൽ ദേശീയ ചാമ്പ്യനാകുന്ന ആദ്യ കേരളാ താരമാണ്.
മക്കളെ ദേശീയ ചാമ്പ്യൻമാരാക്കി
1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഒഫീഷ്യലായി. തുടർന്ന് മക്കളായ സനിലിനേയും മനോജിനെയും പരിശീലിപ്പിച്ച് ദേശീയ ചാമ്പ്യൻമാരാക്കി. റെക്കാഡുകളും ജി.വി രാജ അവാർഡുകളും ഇരുവരും നേടിയിട്ടുണ്ട്. ഇതിനിടെ സണ്ണി തോമസ് ഷൂട്ടിംഗ് ഒഫീഷ്യലും അന്താരാഷ്ട്ര ജൂറിയുമായി
ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക്
തൊണ്ണൂറുകളിൽ ഷൂട്ടിംഗിൽ ഇന്ത്യ വട്ടപ്പൂജ്യമായിരുന്നപ്പോഴാണ് സണ്ണി തോമസ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ടീമിനെ അയക്കേണ്ടെന്ന് വരെ അഭിപ്രായമുയർന്നിരുന്നു. ഈ സമയത്താണ് ദേശീയ റൈഫിൾ അസോസിയേഷൻ ഭാരഹാവികൾ സണ്ണിയെ ദേശീയ കോച്ചാകാൻ ക്ഷണിച്ചത്. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പരിശീലകനായി സണ്ണിയെത്തി. ഒരു അദ്ധ്യാപകന്റെ കൈയടക്കോത്തോടെ താരങ്ങളെ ഒരിക്കയെടുത്ത സണ്ണിയുടെ ശിക്ഷണത്തിൽ ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലുമെല്ലാം ഇന്ത്യ നേട്ടമുണ്ടാക്കി തുടങ്ങി. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജസ്പാൽ റാണയേയും അഭിനവ് ബിന്ദ്രയേയും ചാമ്പ്യൻമാരായി. ഷൂട്ടിംഗിൽ ഇന്ത്യയുടെ നല്ലകാലവും തുടങ്ങി. ഒളിമ്പിക്സിലുൾപ്പെടെ ഷൂട്ടിംഗ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയായി മാറിയതിന് രാജ്യം
സണ്ണി തോമസിനോട് കടപ്പെട്ടിരിക്കുന്നു.
വിവാഹ വാർഷികത്തിന് പിന്നാലെ
ഭാര്യ ജെസമ്മയ്‌ക്കൊപ്പം 59-ാ വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് സണ്ണി തോമസ് വിടപറഞ്ഞത്. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
1993-2012 -ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ ചീഫ് കോച്ച്.
സണ്ണിതോമസ് ന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ ചീഫ് കോച്ചായിരുന്ന സമയത്ത് ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ നിന്നുൾപ്പെടെ ഇന്ത്യ നേടിയത് 108 സ്വർണം,74 വെള്ളി,53 വെങ്കലം
ദ്രോണാചാര്യ പുരസ്കാരം ലഭിക്കുന്നത്
2001ൽ ( ഒ.എം നമ്പ്യാർക്ക് ശേഷം ദ്രോണാചാര്യ പുരസ്കാരം ലഭിക്കുന്ന മലയാളി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |