ന്യൂഡൽഹി: ജാതി സെൻസസ് നടത്താൻ അപ്രതീക്ഷിത തീരുമാനമെടുത്ത് കേന്ദ്രം. അടുത്ത വർഷം തുടങ്ങുന്ന ദേശീയ സെൻസസിനൊപ്പമാവും നടത്തുക. പ്രതിപക്ഷ കക്ഷികളുടെ നീണ്ടനാളത്തെ ആവശ്യമാണിത്.
63 ശതമാനം പിന്നാക്ക സമുദായമുള്ള ബീഹാറിൽ ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനമെന്ന രാഷ്ട്രീയ മാനമുണ്ട്. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവും എൽ.ജെ.പിയും ജാതി സെൻസസ് വേണമെന്ന ആവശ്യത്തിലാണ്. ജാതി സെൻസസിന് എന്താണു മടിയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഒ.ബി.സി ക്ഷേമത്തിനുള്ള പാർലമെന്ററി സമിതിയിൽ ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസും ഉപാധിയോടെ അനുകൂലമാണ്.
കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്‌വാദി അടക്കം പാർട്ടികൾ സർക്കാർ പ്രഖ്യാപനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ടു. ജാതി സെൻസസിന് തയ്യാറുണ്ടോയെന്ന് രാഹുൽ ഗാന്ധി ബി.ജെ.പിയെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം വെല്ലുവിളിച്ചിരുന്നു. ഒ.ബി.സി, ദളിത് വിഭാഗങ്ങൾക്ക് സർക്കാർ പദവികളിൽ അർഹിക്കുന്ന സംവരണം കിട്ടാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണവും നടത്തി.
വിവിധ ജാതികളുടെയും ഉപജാതികളുടെയും സുതാര്യ കണക്കെടുപ്പാണ് നടത്തുകയെന്ന് തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ, രാഷ്‌ട്രീയകാര്യ സമിതി യോഗശേഷം പഹൽഗാം വിഷയത്തിൽ തീരുമാനം പ്രതീക്ഷിച്ചിരിക്കെയാണ് ജാതി സെൻസസിന്റെ കാര്യം അറിയിച്ചത്. ഇന്ത്യാ മുന്നണിയുടെ സെൻസസ് ആവശ്യം രാഷ്‌ട്രീയ ലാക്കോടെയാണെന്ന് വൈഷ്ണവ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ ജാതി സർവേയാണ് നടത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം കേന്ദ്ര വിഷയമാണ് സെൻസസ്.
2010ൽ മൻമോഹൻ സിംഗ് സർക്കാർ ജാതി സെൻസസിന് പകരം ജാതി സർവേ നടത്താനാണ് തീരുമാനിച്ചത്. കോൺഗ്രസും സഖ്യകക്ഷികളും അത് രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചു. വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ജാതി സർവേകൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. സാമൂഹ്യ സാഹചര്യങ്ങൾ രാഷ്‌ട്രീയത്തിന്റെ പേരിൽ ഉലയ്‌ക്കപ്പെടരുത്. അതുകൊണ്ടാണ് സുതാര്യമായ സെൻസസ് നടത്തുന്നത്.
സംവരണം സംരക്ഷിക്കപ്പെടും
സംവരണം കൃത്യമായി നടപ്പാക്കാമെന്നാണ് ജാതി സെൻസസിന്റെ പ്രധാന ഗുണം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതിക്കുള്ള നയരൂപീകരണവും ക്ഷേമ പദ്ധതികൾ നടപ്പാക്കലും എളുപ്പമാകും
ജാതി വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുന്നതിനാൽ സെൻസസ് പ്രക്രിയ സങ്കീർണമാണ്. കാലതാമസത്തിന് സാദ്ധ്യത
1931ന് ശേഷമില്ല
ജാതി സെൻസസ് ഏറ്റവുമൊടുവിൽ 1931ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ
1951 മുതൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ജാതി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്
2011ൽ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസിന്റെ പേരിൽ ശേഖരിച്ച വിവരങ്ങൾ പുറത്തുവിട്ടില്ല
2021ലെ സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിൻമാറി
ജാതി സെൻസസ് കോൺഗ്രസ് മുന്നോട്ടു വച്ച ദർശനമായിരുന്നു. അത് കേന്ദ്ര സർക്കാർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്.
രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |