തിംഫു: ലോകനേതാക്കൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വൻ സുരക്ഷയും പ്രോട്ടോക്കോൾ ക്രമീകരണങ്ങളും നടപ്പാക്കാറുണ്ട്. എന്നാൽ സ്വയം വിമാനം പറത്തി വിദേശത്തെത്തുന്ന രാഷ്ട്രത്തലവൻമാരെ പറ്റി കേട്ടിട്ടുണ്ടോ. തായ്‌ലൻഡിലെ രാജാവായ മഹാ വജീറലോംഗ്‌കോൺ ആണ് അതിന് ഉദാഹരണം.
ഭൂട്ടാനിലേക്ക് നടത്തിയ ഔദ്യോഗിക യാത്രയിൽ തന്റെ വിമാനം പറത്തിയത് രാജാവാണ്. കോ - പൈലറ്റായത് ഭാര്യ സുതിദ രാജ്ഞിയും. ഏറ്റവും വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളിൽ ഒന്നായ പാരോ ഇന്റർനാഷണൽ എയർപോർട്ടിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ബോയിംഗ് 737-800 വിമാനം ലാൻഡ് ചെയ്തത്. ഭൂട്ടാൻ രാജാവും രാജ്ഞിയും ചേർന്ന് ഇരുവരെയും ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.
റോയൽ തായ് ആർമിയിലെ ഓഫീസറായിരുന്ന വജീറലോംഗ്‌കോൺ മിലിട്ടറി പൈലറ്റ് കൂടിയാണ്. നോർത്ത്‌റോപ് എഫ്-5, എഫ്-16, ബോയിംഗ് 737-400വിമാനങ്ങൾ അദ്ദേഹം പറത്തും. 2016ൽ ഭരണകാലയളവ് തുടങ്ങിയെങ്കിലും 2019ലായിരുന്നു തായ് രാജാവായുള്ള വജീറലോംഗ്‌കോണിന്റെ കിരീടധാരണം. രാജാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദേശനം കൂടിയായിരുന്നു ഇത്. തിങ്കളാഴ്ച ഭൂട്ടാനിൽ നിന്ന് മടങ്ങുമ്പോഴും വജീറലോംഗ്‌കോൺ തന്നെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |