
ഗോഹട്ടി: സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഗോഹട്ടിയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മത്സരം തിരിച്ചു പിടിക്കാൻ ഇന്ത്യ സമയം പാഴാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ മൊത്തം സ്‌കോറിനെക്കാൾ 80 മുതൽ 100 റൺസ് വരെ പിന്നിൽ വച്ച് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യണമെന്നാണ് അദ്ദേഹം ഇന്ത്യൻ ടീമിനോട് ആവശ്യപ്പെട്ടത്.
'ഇന്നത്തെ ദിവസം തന്ത്രപരമായ തീരുമാനങ്ങൾ ഇന്ത്യ എടുക്കേണ്ടതുണ്ട്. അവർ എങ്ങനെയാണ് ന്യൂ ബൗളിനെ മറികടക്കുന്നതെന്ന് ശ്രദ്ധിക്കുക. അതിനുശേഷം കളി മുന്നോട്ട് കൊണ്ടുപോയി മത്സരം വിജയിപ്പിക്കാൻ ശ്രമിക്കണം. കളിയുടെ നിയന്ത്രണം ടീം ഏറ്റെടുക്കണം. അതായത് കുറച്ച് റൺസ് പിന്നിലാണെങ്കിൽ പോലും ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യേണ്ടിവരും. ശേഷം രണ്ടാം ഇന്നിംഗ്‌സിൽ എതിരാളികളെ വേഗത്തിൽ പുറത്താക്കാൻ ശ്രമിക്കുക',- സ്റ്റാർ സ്‌പോർട്‌സിലെ കമന്ററിയിൽ ശാസ്ത്രി പറഞ്ഞു.
ഇന്ത്യ ആ സാഹചര്യത്തെ പ്രയോജനപ്പെടുത്തണമെന്നും 489 റൺസ് മറികടക്കാൻ വേണ്ടി കാത്തിരുന്നാൽ ഒരുപാട് സമയം പാഴാകുമെന്നും ശാസ്ത്രി ചൂണ്ടികാണിച്ചു. 80, 90, 100 റൺസ് പിന്നിലാണെങ്കിൽപ്പോലും ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തുകൊണ്ട് കളി എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെഞ്ച്വറിയുമായി തിളങ്ങിയ പ്രോട്ടീസിന്റെ സെനുരാൻ മുത്തുസ്വാമിയുടേയും തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ മാർക്കോ യാൻസൺന്റെയും മികവിൽ ഇന്ത്യയ്‌ക്കതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോറാണ് ഒന്നാം ഇന്നിംഗ്‌സിൽ നേടാനായത്. 247/6 എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സ് പുഃനരാരംഭിച്ച ദക്ഷിണാഫ്രിക്ക 489 റൺസെടുത്താണ് ഓൾഔട്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |