
മുംബയ്: ബോളിവുഡിന്റെ ``ഹീ-മാന്`` വിട. ഇതിഹാസ താരം ധർമ്മേന്ദ്രയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയുടെ സുവർണ അദ്ധ്യായത്തിനാണ് തിരശ്ശീല വീണത്. നായക സങ്കല്പങ്ങൾ തിരുത്തിക്കുറിച്ച അദ്ദേഹത്തിന്റെ പരുക്കൻ ഭാവങ്ങളും കൂസലില്ലാത്ത ഹീറോ പരിവേഷവും യുവാക്കൾക്കിടയിൽ തരംഗമായി.
ലക്ഷക്കണക്കിന് ആരാധകർ വാഴ്ത്തുമ്പോഴും താനൊരു സാധാരണ മനുഷ്യനാണെന്ന് അദ്ദേഹം എളിമയോടെ തുറന്നുപറഞ്ഞു. ഏറ്റവും സുന്ദരൻമാരായ നടൻമാരുടെ ആഗോള പട്ടികയിൽ പലതവണ ഇടംനേടി.
ആയിരക്കണക്കിന് ആരാധികമാർ ഫോട്ടോ നിധി പോലെ സൂക്ഷിച്ചു. തങ്ങൾ സ്ക്രീനിൽ കണ്ട ഏറ്റവും സുന്ദരനായ നടനെന്നാണ് മാധുരി ദീക്ഷിത്, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങൾ ഓർമ്മിക്കുന്നത്. 'ഗ്രീക്ക് ദേവൻ" എന്നാണ് ജയാ ബച്ചൻ ഒരിക്കൽ വിശേഷിപ്പിച്ചത്.
നക്ഷത്രമാകാൻ കൊതിച്ചു
പഞ്ചാബ് ലുധിയാനയിലെ നസ്രാലി ഗ്രാമത്തിലെ ഇടത്തരം ജാട്ട്-സിഖ് കുടുംബത്തിൽ ജനിച്ച ധർമ്മേന്ദ്രയ്ക്ക് കുട്ടിക്കാലത്ത് സിനിമ അത്ഭുതമായിരുന്നു. രക്ഷിതാക്കൾ പഠിക്കാൻ നിർബന്ധിക്കുമ്പോഴും സ്ക്രീനിൽ കാണുന്ന താരങ്ങളുടെ ലോകത്ത് എത്താനായിരുന്നു മോഹം. ഒടുവിൽ 1960 മുതൽ മൂന്ന് പതിറ്റാണ്ട് ബോളിവുഡിലെ അരങ്ങ് വാണു.
നൂതൻ, മീനാ കുമാരി, മാല സിൻഹ, സൈറാ ബാനു തുടങ്ങിയവർക്കൊപ്പം റൊമാന്റിക് ഹീറോയായി തിളങ്ങി. 1966ൽ ഫൂൽ ഓർ പഥറിലാണ് ആദ്യമായി ആക്ഷൻ റോളിൽ എത്തിയതെങ്കിലും ആക്ഷൻ ഹീറോയായി ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത് മേരാ ഗാവ് മേരാ ദേശ് (1971) ആണ്. ഒത്ത ഉയരവും ബലഷ്ടമായ ശരീരവും ഒത്തിണങ്ങിയ ധർമ്മേന്ദ്ര കഠിനമായ സംഘട്ടനങ്ങൾ സ്വന്തമായി ചെയ്യാൻ ഇഷ്ടപ്പെട്ടു. റൊമാൻസും ആക്ഷനും മാത്രമല്ല, ത്രില്ലറുകളിലും കോമഡിയിലും തിളങ്ങി.
മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും ബോളിവുഡിൽ അവരുടേതായ സ്ഥാനം നേടാനായി. സ്വന്തം നിർമ്മാണ കമ്പനിയായ വിജയ്‌ത ഫിലിംസിന്റെ ആദ്യ ചിത്രമായ ബതാബിലൂടെ (1983) സണ്ണിയെയും ബർസാതിലൂടെ (1995) ബോബിയെയും നായകൻമാരായി അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും റിയാലിറ്റി ഷോകളിൽ വിധികർത്താവായും അവസാന കാലം വരെ സജീവമായിരുന്നു ധർമ്മേന്ദ്ര.
വീരുവിനെ മറക്കില്ല
300ലേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ഷോലേയിലെ വീരു എന്ന കഥാപാത്രം അവിസ്മരണീയമാണ്. ഷോലേയുടെ ആത്മാവെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ചെങ്കിലും ബോളിവുഡിലെ നമ്പർ വൺ ആകാൻ കഴിഞ്ഞില്ല. ആരാധകരുടെ സ്നേഹത്തിന് കൂടുതൽ വിലമതിച്ച ധർമ്മേന്ദ്ര താരപദവി വെട്ടിപ്പിടിക്കാൻ ശ്രമിച്ചില്ല. അവസാന നാളുകളിൽ സഹനടനായും ശ്രദ്ധനേടി. അവസാന ചിത്രമായ ഇക്കീസ് അടുത്ത മാസം റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |