
ന്യൂഡൽഹി: ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളും വിവാദങ്ങളും നിറഞ്ഞതാണ് ധർമേന്ദ്ര-ഹേമമാലിനി പ്രണയം. ആരാധകരെ അത് ആശ്ചര്യപ്പെടുത്തുകയും ആവേശംകൊള്ളിക്കുകയും ചെയ്തു. വ്യവസ്ഥകളെയും സാമൂഹിക ബോദ്ധ്യങ്ങളെയും അത് കാറ്റിൽപ്പറത്തി. വിവാദങ്ങളെയും വിമർശനങ്ങളെയും അതിജീവിച്ച പ്രണയം 1980ൽ വിവാഹത്തിലെത്തി.
സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് 1954ൽ 19-ാം വയസിലാണ് ധർമേന്ദ്ര ആദ്യം വിവാഹിതനായത്. ഭാര്യ പ്രകാശ് കൗർ. നടൻമാരായ സണ്ണി ഡിയോളും ബോബി ഡിയോളും അടക്കം നാല് മക്കളാണ് ഈ ബന്ധത്തിലുള്ളത്.
നിരവധി സിനിമകളിൽ ഹേമമാലിനിയും ധർമേന്ദ്രയും ഒരുമിച്ചഭിനിയച്ച 1970കളിലാണ് ഇരുവരും പ്രണയത്തിലായത്.
1980 മേയ് 2ന് വിവാഹിതരായി. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപെടുത്താതെ വീണ്ടും വിവാഹിതനായ ധർമേന്ദ്ര കടുത്ത വിമർശനം നേരിട്ടിരുന്നു. ധർമേന്ദ്രയുടെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് നിലപാടെടുത്ത ഹേമമാലിനി ഒരിക്കലും ധർമേന്ദ്രയുടെ വീട്ടിൽ താമസിച്ചില്ല. ധർമേന്ദ്രയുടെ ജുഹുവിലെ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത വീട്ടിലായിരുന്നു ഹേമയും രണ്ട് പെൺമക്കളും താമസിച്ചിരുന്നത്. സന്തോഷകരമായ സ്വതന്ത്ര ജീവിതമാണ് താൻ നയിച്ചതെന്നും മക്കളെ നന്നായി വളർത്തിയെന്നും പറയുന്ന ഹേമ, തനിക്ക് കരുത്തായത് ധരംജിയുടെ പ്രണയമാണെന്നും വ്യക്തമാക്കുന്നു.
അവസാനം വരെ ജുഹുവിലെ ബംഗ്ലാവിൽ ആദ്യഭാര്യ പ്രകാശ് കൗറിനും മക്കൾക്കുമൊപ്പമാണ് ധർമേന്ദ്ര കഴിഞ്ഞിരുന്നത്. എന്നാൽ തന്റെയും മക്കളുടെയും എല്ലാ കാര്യങ്ങൾക്കും നല്ല ഭർത്താവായും അച്ഛനായും ധരംജി ഉണ്ടായിരുന്നുവെന്നാണ് ഹേമമാലിനി പറയുന്നത്.
സെറ്റിൽ തുടങ്ങിയ പ്രണയം
1970ൽ 'തൂ ഹസീൻ മേം ജവാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ധർമേന്ദ്രയും ഹേമമാലിനിയും കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വൈകാതെ സിനിമയ്ക്കപ്പുറം വളർന്നു. ഷോലെ, റസിയ സുൽത്താൻ, ആസ് പാസ്, പഠാർ ഓർ പായൽ, രാജാ റാണി തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ചെത്തിയ ഇരുവരുടെയും പ്രണയം ബി ടൗണിലെ ചൂടുള്ള ചർച്ചാവിഷയമായി. മാദ്ധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ധർമേന്ദ്ര-ഹേമമാലിനി പ്രണയം നിറഞ്ഞു. എന്നാൽ വിവാഹിതനായ ആളുമായുള്ള പ്രണയം ഹേമയെ വിവാദ നായികയാക്കി. മറ്റൊരു കുടുംബം തകർക്കാൻ ശ്രമിക്കുന്നവൾ എന്ന വിമർശനം നേരിട്ടു. എന്നാൽ ഇതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല.
കുടുംബങ്ങൾ നിശ്ചയിച്ച വിവാഹം?
വിവാഹിതനായ ധർമേന്ദ്രയുമായുള്ള പ്രണയം ഹേമമാലിനിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. അതിനാൽ അവർ നടൻ ജിതേന്ദ്രയുമായി ഹേമയുടെ വിവാഹം നടത്താൻ തീരുമാനിച്ചു. രണ്ടു കുടുംബങ്ങളും അതിനായി നിലകൊണ്ടെങ്കിലും, തനിക്ക് ഹേമയോട് പ്രണയമില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നും ജിതേന്ദ്ര പറഞ്ഞു. എന്നിട്ടും, ചെന്നൈയിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചതറിഞ്ഞ ധർമേന്ദ്രയും ജിതേന്ദ്രയുടെ കാമുകിയായിരുന്നു ശോഭ സിപ്പിയും അങ്ങോട്ട് പുറപ്പെട്ടു. ഹേമമാലിനിയുടെ വീട്ടിലെത്തിയ ധർമേന്ദ്ര അവരോട് ജിതേന്ദ്രയെ വിവാഹം ചെയ്യരുതെന്ന് അപേക്ഷിച്ചു. തുടർന്ന് ഹേമമാലിനി ജിതേന്ദ്രയുടെ കുടുംബത്തോട് കുറച്ചുകൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ടു. അവർ അത് സമ്മതിക്കാതെ ഇറങ്ങിപ്പോയതോടെ വിവാഹം മുടങ്ങി. ധർമേന്ദ്രയുടെ ഈ ഇടപെടൽ ഹേമയെ അസ്വസ്ഥയാക്കി. ധർമേന്ദ്ര തന്റെ കാര്യത്തിൽ സ്വാർത്ഥനായെന്ന് ഹേമമാലിനിക്ക് തോന്നി. താനൊരിക്കലും ഇനി സ്വാർത്ഥനാകില്ലെന്ന് ധർമേന്ദ്ര വാക്ക് നൽകിയതോടെയാണ് ഹേമമാലിനി പ്രണയബന്ധം തുടരാൻ തയ്യാറായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |