
മുംബയ്: ഷോലേയിലെ ജയ്‌യും വീരുവും. ഒരുമിച്ച് ജീവിക്കാനും മരിക്കാനും കൊതിച്ച സുഹൃത്തുക്കൾ. സൗഹൃദത്തെ അതിമനോഹരമായി ആവിഷ്‌കരിച്ച സിനിമയാണ് ഷോലേ. ചിത്രത്തിലെ പോലെ ക്യാമറയ്ക്ക് പിന്നിലും സൗഹൃദത്തിന്റെ ഊഷ്മളതയും ആത്മാർത്ഥതയും അമിതാഭ് ബച്ചനിലും ധർമ്മേന്ദ്രയിലും നിലനിന്നു.
സിനിമയുടെ ഓരോ ഫ്രെയിമിലും സൗഹൃദത്തിന്റെ കരുത്തും ഹൃദ്യതയും പ്രേക്ഷകർക്ക് അനുഭവപ്പെടുകയും ചെയ്തു. ഷോലേയുടെ ഷൂട്ടിംഗ് ദിനങ്ങളിലെ ഒഴിവുസമയങ്ങളിൽ ഇരുവരും റമ്മി കളിച്ചതും കാർ റൈഡുകൾ നടത്തിയതും അടുത്തിടെ ധർമ്മേന്ദ്ര പങ്കുവച്ചിരുന്നു.
തന്റെ ഇളയ സഹോദരൻ എന്നാണ് ധർമ്മേന്ദ്ര ബച്ചനെ വിശേഷിപ്പിച്ചിരുന്നത്. ശരിക്കും ജയ് എന്ന കഥാപാത്രം നടൻ ശത്രുഘ്‌നൻ സിൻഹയ്ക്ക് നൽകാനായിരുന്നു ഷോലേയുടെ സംവിധായകൻ രമേശ് സിപ്പി കണക്കുകൂട്ടിയിരുന്നത്. ബോളിവുഡിൽ കാലുറപ്പിക്കാൻ പാടുപെട്ടിരുന്ന ബച്ചനെ ജയ് ആക്കണമെന്ന് ധർമ്മേന്ദ്രയടക്കം നിർദ്ദേശിക്കുകയായിരുന്നു. ബച്ചന് 'ആൻഗ്രി യംഗ് മാൻ" പരിവേഷം നേടിക്കൊടുത്ത സൻജീറിലെ (1973) ഇൻസ്‌പെക്ടർ വിജയ്‌യുടെ റോളും ധർമ്മേന്ദ്ര ശുപാർശ ചെയ്തതാണ്.
പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ ബന്ധം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഉലയാതെ നിലനിന്നു. ഷോലേയിൽ സഹകരിച്ചവരുടെ റീ യൂണിയനുമായി ബന്ധപ്പെട്ട് നടന്ന ഇവന്റിലടക്കം ഈ സൗഹൃദം പ്രകടമായിരുന്നു. ചുപ്കേ ചുപ്കേ, റാം ബൽറാം, നസീബ് തുടങ്ങിയ ചിത്രങ്ങളിലും ധർമ്മേന്ദ്ര-ബച്ചൻ ഹിറ്റ് ജോഡികൾ പ്രത്യക്ഷപ്പെട്ടു.
ബച്ചൻ പിൽക്കാലത്ത് തന്നേക്കാൾ വലിയ നടനായി വളർന്നപ്പോൾ അതിൽ ഏറ്റവും സന്തോഷിക്കുന്ന ധർമ്മേന്ദ്രയെ കണ്ട് സഹപ്രവർത്തകർ അമ്പരന്നു. മുംബയിലെ ജുഹുവിൽ അവർ അയൽവാസികൾ കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന ധർമ്മേന്ദ്രയെ അടുത്തിടെയും ബച്ചൻ വസതിയിലെത്തി സന്ദർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |