SignIn
Kerala Kaumudi Online
Tuesday, 25 November 2025 4.17 AM IST

നമ്പർ വൺ രാജ്യമാകാൻ ചൈന ലോകമാകെ ചെയ്യുന്ന ചതി, ആയുധമാക്കിയത് ഷൂസ്, ഇരകൾ ഇന്ത്യക്കാർ മാത്രമല്ല സ്വന്തം നാട്ടുകാരും

Increase Font Size Decrease Font Size Print Page
shoe

ലോക വ്യാപാരത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ചൈന. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും പിന്നിലായും ഇന്ത്യയ്‌ക്ക് തൊട്ടുമുന്നിലായും സാമ്പത്തികമായും സൈനികപരമായും ചൈന നിൽക്കുന്നു. കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ നൽകുന്ന പതിവ് പതിറ്റാണ്ടുകളായി ചൈനക്കുണ്ട്. 'മെയ്‌ഡ് ഇൻ ചൈന' എന്ന പ്രയോഗം തന്നെ ഉണ്ടാകാൻ ചൈനയുടെ ഈ മുന്നേറ്റം കാരണമായി. ഇന്ത്യയുമായി നിലവിൽ സൗഹൃദബന്ധം ഇല്ലെങ്കിലും ചുറ്റുമുള്ള പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലെല്ലാം നിർണായക സ്വാധീനം ചൈനയ്‌ക്കുണ്ട്.

ലോകമാകെ തങ്ങളുടെ സ്വാധീനം നിലനിർത്താൻ പല ശ്രമങ്ങളും ചൈന നടത്താറുണ്ട്. അത്തരത്തിൽ അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും അവർ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി. അയ്‌നാക്ക് ചെമ്പ് ഖനന കേന്ദ്രവും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖ വികസനവുമെല്ലാം ചൈന സ്വന്തം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ്.

തങ്ങളുടെ വികസനം ലക്ഷ്യമിട്ട് ചൈന വിവിധ ലോകരാജ്യങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചൈനയിൽ ഉയർന്നുകേൾക്കുന്ന ഒരു വിവാദം മറ്റ് രാജ്യങ്ങളെ മാത്രമല്ല സ്വന്തം പൗരന്മാരെയും ഇത്തരത്തിൽ നിരീക്ഷിക്കുന്നതാണ്. അതും നിത്യവും എല്ലാവരുമുപയോഗിക്കുന്ന ഷൂസിലൂടെയാണ് ചൈന സ്വന്തം പൗരന്മാരെ നിരീക്ഷിച്ചത്.

കണ്ടെത്തിയത് ‌യുവാവ്‌

ഒരു യുവാവ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ ചൈനയിലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. പുതുതായി വാങ്ങിയ ഷൂസിന്റെ അടിഭാഗത്ത് ട്രാക്കിംഗ് ഉപകരണങ്ങൾ വച്ചുപിടിപ്പിച്ചതായാണ് കണ്ടെത്തിയത്. 'ഫിനാൻസ് കോൾഡ് ഐ' എന്ന ബ്ളോഗറാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.

പോസ്റ്റ് ചെയ്‌ത് മണിക്കൂറുകൾക്കകം ചിത്രങ്ങളും വീഡിയോയും വൈറലായി. മിക്കവരും പുതുതായി വാങ്ങിയ സാധനങ്ങൾ പരിശോധിക്കാൻ തുടങ്ങി. ഇതിൽ ചിലർ അവരുടെ പുതിയ പാദരക്ഷയിലടക്കം ഈ ഉപകരണങ്ങൾ കണ്ടെത്തി ഉടൻ പൊലീസിനെ വിളിച്ചറിയിച്ചു.

shoes

എന്തിന് ഷൂസിൽ ട്രാക്കറുകൾ?

പുതുതായി നിർമ്മിച്ച ഷൂസുകളുടെ അടിയിൽ എന്തിനാണ് ട്രാക്കറുകൾ ഘടിപ്പിച്ചത് എന്ന് യുവാവ് ചോദിക്കുന്നു. തീർച്ചയായും ഇത് നിരീക്ഷണത്തിന് വേണ്ടി തന്നെയാകും. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരെ നിരീക്ഷിക്കാനാണ് ട്രാക്കിംഗ് ഉപകരണങ്ങൾ എന്നാണ് യുവാവ് കരുതുന്നത്. പ്രത്യേകിച്ച് 16നും 22നുമിടയിൽ പ്രായമുള്ളവരെ നോക്കാനാകും ഇത് ചെയ്‌തതെന്നാണ് സൂചന.

ചൈനീസ് ഭരണകൂടം സ്വന്തം ജനങ്ങളെ നിരീക്ഷിക്കാൻ നടത്തുന്ന വിപുലമായൊരു സംവിധാനം ആണിതെന്ന് പലരും പോസ്റ്റിനോട് പ്രതികരിക്കുന്നു. പലരും വലിയ തോതിൽ ദേഷ്യപ്പെടുകയോ, പരിഹാസം ചൊരിയുകയോ ആണ് ഇതിനോട് ചെയ്‌തത്. ചിലരാകട്ടെ സാധാരണക്കാരെ വരെ ഭരണകൂടം നിരീക്ഷിക്കുന്നതിനോട് ഭയപ്പാടോടെ പ്രതികരിക്കുന്നു.

ചൈന ലോകത്തെ നയിക്കുന്നു എന്ന് ചിലർ അഭിമാനം കൊള്ളുമ്പോൾ ജീവിതം നേരത്തെ പ്രയാസമായിരുന്നു ഇപ്പോൾ ജീവിച്ചുപോകുക എന്നതുതന്നെ പ്രയാസമായി എന്ന് ചിലർ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരികൾ രക്തദാഹികളാണെന്ന വലിയ വിമർശനവും ചിലർ മുന്നോട്ടുവയ്‌ക്കുന്നു.

ചൈനയിൽ നിർമ്മിച്ച ഈ ഷൂസുകൾ മറ്റ് ലോകരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ ഇനിയും വ്യക്തമല്ല. 2019ൽ തന്നെ ചില കമ്പനികൾ ചൈനയിൽ നിന്ന് ചെരുപ്പ് നിർമ്മാണം പുറത്തേക്ക് മാറ്റിയിരുന്നു. ഇത് ഇത്തരം ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചതാലാണോ എന്നത് വ്യക്തമല്ല. സ്‌പോർട്‌സ് ഷൂകൾ, ചൈനീസ് കുംങ്ഫു ചെരുപ്പുകൾ എന്നിങ്ങനെ ചൈനീസ് ചപ്പലുകൾ ധാരാളം ഇന്ത്യയിൽ ഓൺലൈനായും ഓഫ്‌ലൈനായും വിൽപന നടക്കുന്നുണ്ട് ഇവയിൽ ട്രാക്കിംഗ് ഉള്ളവയും ഉണ്ടായേക്കാം എന്ന ആശങ്ക ഈ വാർത്ത വന്നതോടെ ഉണ്ട്. എന്നാൽ നിലവിൽ വിറ്റവയിൽ നിന്നും ചിപ്പോ ട്രാക്കിംഗ് ഉപകരണമോ ലഭിച്ചതായി വിവരമില്ല.

uniform

കുട്ടികളെയും നിരീക്ഷിച്ചു

പൊലീസിനെ അറിയിക്കാനുള്ള ചിലരുടെ തീരുമാനത്തെയും മറ്റു ചിലർ വിമർശിച്ചിട്ടുണ്ട്. ഷൂസിൽ നിന്നും സിഗ്നലുകൾ നഷ്‌ടമായാലുടൻ അവരെത്തേടി പൊലീസെത്തുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇതാദ്യമായല്ല ഉപയോഗിക്കുന്ന വസ്‌തുക്കളിൽ ചൈന രഹസ്യമായി നിരീക്ഷണം നടത്തുന്നത്. ചിപ്പ് ഘടിപ്പിച്ച 'സ്‌മാർട്ട് സ്‌കൂൾ യൂണിഫോമുകൾ' വലിയ തോതിൽ ചർച്ചയായ കാര്യമാണ്.റേഡിയോ ഫ്രീക്വൻസി തിരിച്ചറിഞ്ഞ് നിരീക്ഷണം നടത്തുന്ന തരം ഈ ഉപകരണങ്ങൾ സ്‌കൂൾ കുട്ടികളുടെ അറ്റന്റൻസ് പരിശോധിക്കാനും സുരക്ഷയ്‌ക്കുമായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കി.

കുട്ടികളുടെ പേര്, പ്രായം, വിലാസം എന്നിവ ഉടൻ കണ്ടെത്താം എന്നത് മാത്രമല്ല സ്‌കൂൾ ക്യാമ്പസിൽ വരുന്നതും പോകുന്നതുമായ സമയം അവരുടെ ചിത്രങ്ങൾ ഇവയെല്ലാം ഗാർഡ് റൂമിൽ ലഭിക്കും. എന്തെങ്കിലും കുഴപ്പമുണ്ടായാൽ ടീച്ചർമാർക്കും രക്ഷാകർത്താക്കൾക്കും ഉടൻ വിവരമെത്തും. ഷൂസിലും ട്രാക്കിംഗ് ഉപകരണം വച്ചതിലൂടെ നിത്യോപയോഗ സാധനം വഴിയും സ്വകാര്യതയിൽ കടന്നുകയറ്റം നടത്തുമെന്ന ആധിയാണ് ഇപ്പോൾ രാജ്യത്ത് പലർക്കുമുള്ളത്.

TAGS: SHOES, CHINA, TRACKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.