തൃശൂർ : ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മഴനിയമമായ വി.ജെ.ഡി മെത്തേഡിന്റെ ഉപജ്ഞാതാവായ വി.ജയദേവന് കണ്ടെത്തലിന്റെ രജത ജൂബിലി വർഷത്തിൽ 21 ലക്ഷം രൂപ ബി.സി.സി.ഐ പ്രതിഫലം സമ്മാനിച്ചു. നിലവിൽ പൂർണമായും ആൻഡ്രോയിഡ് ഫോണുകളിൽ ഓപ്പറേറ്റ് ചെയ്യാവുന്ന വിധം വി.ജെ.ഡി മെത്തേഡ് പരിഷ്‌കരിച്ചിട്ടുണ്ട്. ഐ ഫോണിൽ ഉപയോഗിക്കുന്ന പതിപ്പിനും ശ്രമിക്കുന്നുണ്ട്. നിലവിലുള്ളത് മൊബൈൽ ഫോണിൽ ഉപയോഗിക്കാനാകില്ല.
ക്രിക്കറ്റിൽ ഉപയോഗിച്ചുപോരുന്ന ഡെക്ക്‌വർത്ത് ലൂയിസ് (ഡി.എൽ) സമ്പ്രദായത്തിന് ബദലായി 1998 സെപ്റ്റംബറിലാണ് തൃശൂർ കുരിയച്ചിറ നെഹ്രുനഗർ സ്വദേശിയായ ജയദേവൻ വി.ജെ.ഡി മെത്തേഡ് ആവിഷ്‌കരിച്ചത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് മറുപടി ബാറ്റിംഗ് തടസപ്പെട്ടാൽ ശേഷിക്കുന്ന ഓവർ, വിക്കറ്റുകൾ, എടുത്ത റൺസ് എന്നിവ അടിസ്ഥാനപ്പെടുത്തിയ സമവാക്യത്തിലൂടെ ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ രൂപീകരിക്കുന്നതാണ് വി.ജെ.ഡി മെത്തേഡ്. 2005-06ൽ ഐ.സി.സിയും വി.ജെ.ഡി മെത്തേഡ് ബദലായി പരിഗണിച്ചെങ്കിലും പഴയ സമ്പ്രദായം തുടർന്നുപോന്നു. 2007 മുതൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വി.ജെ.ഡി ഉപയോഗിച്ചു തുടങ്ങി. ബി.സി.സി.ഐ ടെക്‌നിക്കൽ കമ്മിറ്റി അദ്ധ്യക്ഷനായിരിക്കെ സുനിൽ ഗവാസ്‌കറാണ് ആദ്യമായി വി.ജെ.ഡി മെത്തേഡിനെ പിന്തുണച്ചത്. പിന്നീട് ടി.സി.മാത്യു, എൻ.ശ്രീനിവാസൻ എന്നിവരും പിന്തുണ നൽകി. 2022ൽ ഐ.പി.എൽ ചെയർമാനായിരുന്ന ബ്രിജേഷ് പട്ടേൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ച ശേഷമാണ് വലിയൊരു തുക പ്രതിഫലമായി നൽകാൻ അവസരമൊരുങ്ങിയതെന്ന് ജയദേവൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |