ആദ്യ മത്സരത്തിൽ ബഹ്റിനെ 3-1ന് തോൽപ്പിച്ചു
ലീ കാംഗ് ഇന്നിന് ഇരട്ട ഗോൾ
ദോഹ : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ബഹ്റിനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണ കൊറിയ തകർപ്പൻ തുടക്കമിട്ടു. ഇന്നലെ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊറിയൻ വിജയം. ഇരട്ട ഗോൾ നേടിയ ലീ കാംഗ് ഇന്നും ഒരു ഗോൾ നേടിയ ഹ്വാംഗ് ഇൻ ബിയോമും ചേർന്നാണ് കൊറിയയ്ക്ക് വിജയമൊരുക്കിയത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന കൊറിയയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബഹ്റിൻ സമനിലയിലാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ രണ്ട് ഗോളുകൾ കൂടിയടിച്ച് കൊറിയ മത്സരം വരുതിയിലാക്കുകയായിരുന്നു. 38-ാം മിനിട്ടിൽ ഹ്വാംഗ് ഇൻ ബിയോമിലൂടെയാണ് കൊറിയ ആദ്യ ഗോൾ സ്കോർ ചെയ്തത്. 51-ാം മിനിട്ടിൽ അബ്ദുള്ള അൽ ഹഷാഷ് കളി സമനിലയിലാക്കി. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്ക് വേണ്ടി കളിക്കുന്ന ലീ കാംഗ് ഇൻ 56-ാം മിനിട്ടിലാണ് കൊറിയയെ വീണ്ടും മുന്നിലെത്തിച്ചത്. 66-ാം മിനിട്ടിൽ വീണ്ടും ലീ സ്കോർ ചെയ്ത് വിജയം ആധികാരികമാക്കി.
ഈ വിജയത്തോടെ കൊറിയ മൂന്ന് പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതെത്തി.ശനിയാഴ്ച ജോർദാനെതിരെയാണ് കൊറിയയുടെ അടുത്ത മത്സരം. ബഹ്റിൻ അന്ന് മലേഷ്യയെ നേരിടും.
ഏഷ്യൻ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ ഇറാൻ 4-1ന് പാലസ്തീനെയും യു.എ.ഇ 3-1ന് ഹോംഗ്കോംഗിനെയും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |