സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്
ഫൈനലിൽ ബാഴ്സയെ 4-1ന് തോൽപ്പിച്ചു
വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്
റിയാദ് : സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ ഫൈനലിൽ ചിരവൈരികളായ ബാഴ്സലോണയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം ചൂടി. ഹാട്രിക്ക് നേടിയ യുവ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ മികവിലാണ് റയലിന്റെ കിരീടധാരണം.
കളി തുടങ്ങി ആദ്യ പത്തുമിനിട്ടിനുള്ളിൽത്തന്നെ വിനീഷ്യസ് രണ്ട് ഗോളുകൾ നേടി കളം ബാഴ്സയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഏഴാം മിനിട്ടിലും പത്താം മിനിട്ടിലുമായിരുന്നു വിനീഷ്യസിന്റെ ഗോളുകൾ. 32-ാം മിനിട്ടിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് ബാഴ്‌സ തിരിച്ചുവരാൻ നോക്കിയെങ്കിലും റയലിന്റെ മുന്നേറ്റത്തിന് മുന്നിൽ തകർന്നടിയാനായിരുന്നു അവരുടെ വിധി.
37-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് വിനീഷ്യസ് തന്റെ മൂന്നാം ഗോൾ നേടി. 63-ാം മിനിട്ടിൽ റോഡ്രിഗോ കൂടി റയലിനായി സ്കോർ ചെയ്തു. 71-ാം മിനിട്ടിൽ റോണാൾഡ് അറോജോചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്സ പിന്നീട് കളിച്ചത്.
1-0 : ഏഴാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ആദ്യ ഗോൾ.
2-0 : പത്താം മിനിട്ടിൽ വിനീഷ്യസിന്റെ രണ്ടാം ഗോൾ.
2-1 : 33-ാം മിനിട്ടിൽ ലെവൻഡോവ്സ്കിയിലൂടെ ബാഴ്സയുടെ തിരിച്ചടി.
3-1 : 39-ാം മിനിട്ടിൽ പെനാൽറ്റി വഴി വിനീഷ്യസ് ഹാട്രിക്ക് തികയ്ക്കുന്നു.
4-1 : 64-ാം മിനിട്ടിൽ റോഡ്രിഗോ റയലിന്റെ നാലാം ഗോളും നേടുന്നു.
13
ഇത് പതിമൂന്നാം തവണയാണ് റയൽ സ്പാനിഷ് സൂപ്പർ കപ്പിൽ മുത്തമിടുന്നത്. 14 തവണ കിരീടം നേടിയിട്ടുള്ള ബാഴ്സലോണ ഇക്കാര്യത്തിൽ റയലിന് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |