ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ 336/6
ഇന്ത്യയ്ക്ക് കരുത്തായത് യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറി(179*)
വിശാഖപട്ടണം : ഒറ്റയാനെപ്പോലെ ഒരറ്റത്ത് ഉറച്ചുനിന്ന് ഉത്തരവാദിത്വം മുഴുവൻ തോളിലേറ്റിയ യശസ്വി ജയ്സ്വാൾ എന്ന ചെറുപ്പക്കാരന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം 336/6 എന്ന സ്കോറിലെത്തി. 257 പന്തുകളിൽ 17 ഫോറുകളും അഞ്ചുസിക്സുകളുമടക്കം 179 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന യശസ്വി തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണ് ഇന്നലെ നേടിയത്.
നായകൻ രോഹിത് ശർമ്മ(14),ശുഭ്മാൻ ഗിൽ(34),ശ്രേയസ് അയ്യർ (27),രജത് പാട്ടീദാർ(32), അക്ഷർ പട്ടേൽ (27),ശ്രീകാർ ഭരത് (17) എന്നിവർക്കൊപ്പം ഹൃസ്വമായ പാർട്ട്ണർഷിപ്പുകളിലൂടെ ഇന്ത്യൻ ഇന്നിംഗ്സിന് ഉൗടും പാവും നെയ്ത യശസ്വി ഇന്നലെ കളിച്ച 93 ഓവറുകളിലും ക്രീസിലുണ്ടായിരുന്നു.73 റൺസിൽ വച്ച് ജോ റൂട്ട് ക്യാച്ച് കൈവിട്ടതോടെ ആത്മവിശ്വാസത്തിന്റെ റൂട്ടിലേക്ക് വഴിമാറിയ യശസ്വി ഇംഗ്ളീഷ് ബൗളർമാർക്ക് കീഴടക്കാനാകാത്ത വൻമലപോലെ വളരുകയായിരുന്നു. കളിനിറുത്തുമ്പോൾ അഞ്ചുറൺസുമായി രവിചന്ദ്രൻ അശ്വിനാണ് യശസ്വിക്ക് കൂട്ട്. രണ്ടാം ദിവസമായ ഇന്ന് ഒന്നാമിന്നിംഗ്സിൽ പരമാവധി റൺസെത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിക്ക് 21 റൺസ് അകലെ നിൽക്കുന്ന യശസ്വിയിൽ നിന്ന് ആരാധകർ അഭിമാന മുഹൂർത്തം പ്രതീക്ഷിക്കുന്നുണ്ട്.
പാട്ടീദാറിന്
അരങ്ങേറ്റം
പരിക്കേറ്റ കെ.എൽ രാഹുലിന് പകരം രജത് പാട്ടീദാറിന് അരങ്ങേറ്റ അവസരം നൽകിയാണ് ഇന്ത്യ ഇന്നലെ പ്ളേയിംഗ് ഇലവൻ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ഇടംപിടിച്ചപ്പോൾ കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ പേസർ മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാർ പ്ളേയിംഗ് ഇലവനിലെത്തി. ഇംഗ്ളണ്ട് ടീമിലും രണ്ട് മാറ്റങ്ങൾ ഉണ്ടായിരുന്നു. പരിക്കേറ്റ സ്പിന്നർ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീർ അരങ്ങേറിയപ്പോൾ പേസർ മാർക്ക് വുഡിന് പകരം ജെയിംസ് ആൻഡേഴ്സൺ കളിക്കാനെത്തി.
വിസ പ്രശ്നം കാരണം ആദ്യ ടെസ്റ്റിൽ കളിക്കാൻ എത്താനാവാതിരുന്ന ഷൊയ്ബ് ബഷീർ ഇന്നലെ രോഹിത് ശർമ്മയെ പുറത്താക്കിയാണ് കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. അക്ഷർ പട്ടേലിനെ പുറത്താക്കിയതും ഷൊയ്ബാണ്.
41
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായമേറിയ പേസ് ബൗളറായി ഇംഗ്ളീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ മാറി. ഇന്നലെ കളത്തിലിറങ്ങുമ്പോൾ 41 വർഷവും 187 ദിവസവുമായിരുന്നു ആൻഡേഴ്സണിന്റെ പ്രായം. 1952ൽ 41 വർഷവും 92 ദിവസവും പ്രായമുള്ളപ്പോൾ കളിക്കാനിറങ്ങിയ ലാലാ അമർനാഥിന്റെ റെക്കാഡാണ് ഇന്നലെ ആൻഡേഴ്സൺ മറികടന്നത്. നന്നലെ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയത് ആൻഡേഴ്സണാണ്.
സ്കോർ ബോർഡ്
ടോസ് ഇന്ത്യ
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്ബാറ്റിംഗ് : യശസ്വി നോട്ടൗട്ട് 179, രോഹിത് ശർമ്മ സി പോപ്പ് ബി ഷൊയ്ബ് ബഷീർ14, ശുഭ്മാൻ ഗിൽ സി ഫോക്സ് ബി ആൻഡേഴ്സൺ34, ശ്രേയസ് അയ്യർ സി ഫോക്സ് ബി ഹാർട്ട്‌ലി 27,രജത് പാട്ടീദാർ ബി രെഹാൻ അഹമ്മദ് 32, അക്ഷർ പട്ടേൽ സി രെഹാൻ ബി ഷൊയ്ബ് 27,കെ.എസ് ഭരത് സി ഷൊയ്ബ് ബി രെഹാൻ 17, അശ്വിൻ നോട്ടൗട്ട് 5. എക്സ്ട്രാസ് 1, ആകെ 93 ഓവറിൽ 336/6
വിക്കറ്റ് വീഴ്ച : 1-40 (രോഹിത് 17.3-ാം ഓവർ ) ,2-89(ഗിൽ -28.5),3-179 (ശ്രേയസ്- 50.4), 4-249( പാട്ടീദാർ-71.1 ), 5-301(അക്ഷർ-85.3),6-330(ഭരത് -91)
ബൗളിംഗ്
ആൻഡേഴ്സൺ 17-3-30-1
ജോ റൂട്ട് 14-0-71-0
ടോം ഹാർട്ട്ലി 18-2-74-1
ഷൊയ്ബ് ബഷീർ 22-0-100-2
രെഹാൻ 16-2-61-2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |