SignIn
Kerala Kaumudi Online
Sunday, 06 October 2024 1.18 PM IST

ഞാൻ വഴിമാറുന്നു ; വരട്ടെ, പുതുതലമുറ, കരിയറിനെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും രോഹൻ പ്രേം

Increase Font Size Decrease Font Size Print Page
rohan-prem

ഒൻപതാം വയസിൽ കേരളത്തിന്റെ കുപ്പായമണിഞ്ഞുതുടങ്ങിയതാണ് രോഹൻ പ്രേം എന്ന ക്രിക്കറ്റർ. അണ്ടർ 13 തലം മുതൽ എല്ലാ ഏജ് കാറ്റഗറിയിലും കേരളത്തിനായി കളിക്കുകയും നയിക്കുകയും സെഞ്ച്വറി നേടുകയും ചെയ്ത ഈ ഇടംകയ്യൻ ബാറ്ററാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരം. അണ്ടർ -19 ഇന്ത്യ ടീമിലും ചലഞ്ചർ ട്രോഫി ഇന്ത്യ ഗ്രീൻ ടീമിലും കളിച്ച രോഹൻ തന്റെ 37-ാം വയസിൽ കേരളത്തിനുവേണ്ടി കളിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. കേരളത്തിനുവേണ്ടി അവസരം കാത്തിരിക്കുന്ന പുതുതലമുറയ്ക്ക് വേണ്ടിയാണ് താൻ 28 വർഷമായി ദേഹത്തോട് ചേർന്ന് കിടന്ന കേരളക്കുപ്പായമൂരി മാറ്റാൻ തീരുമാനിച്ചതെന്ന് രോഹൻ പറയുന്നു. തന്റെ കരിയറിനെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും രോഹൻ പ്രേം കേരള കൗമുദിയുമായി സംസാരിക്കുന്നു.

? ഓർമ്മവച്ചനാൾ മുതൽ രോഹൻ ഒരു ക്രിക്കറ്ററാണ്. എങ്ങനെയാണ് ഈ യാത്രയുടെ തുടക്കം.

ക്രിക്കറ്റിനോടും എന്നോടും എന്റെ അച്ഛനുള്ള അഗാധമായ സ്നേഹത്തിന്റെ ആകെത്തുകയാണ് രോഹൻ പ്രേം എന്ന ക്രിക്കറ്റർ. മൂന്നുനാലുവയസുള്ളപ്പോൾതന്നെ എന്നെ കളിക്കാരനാക്കാൻ അച്ഛൻ പരിശ്രമം തുടങ്ങിയിരുന്നു. അച്ഛന്റെ ഇഷ്ടതാരമായ സുനിൽ ഗാവസ്കറുടെ മകന്റെ പേരാണ് എനിക്ക് നൽകിയത്. പണ്ട് കൊച്ചിയിൽ ഗാവസ്കറും കപിലുമൊക്കെ വന്നപ്പോൾ കാണാൻ എന്നെയും കൊണ്ടുപോയിരുന്നു.

? ആദ്യമായി കേരളത്തിന്റെ ജഴ്സി അണിഞ്ഞപ്പോഴുള്ള ഫീൽ

എനിക്ക് ഒൻപത് വയസുള്ളപ്പോഴാണ് ആദ്യമായി അണ്ടർ 13ടീമിൽ കേരളത്തിനായി കളിക്കുന്നത്. ക്രിക്കറ്റ് കളിക്കാരനാകണം എന്ന ആഗ്രഹമല്ലാതെ അത് എങ്ങനെ നടക്കുമെന്നുപോലും അറിയാത്ത പ്രായം.. രഞ്ജി ട്രോഫിയിൽ അനന്തപത്മനാഭൻ ചേട്ടനും സുനിൽ ഒയാസിസുമൊക്കെ നിറഞ്ഞുനിന്ന കാലം.

? രോഹന്റെ വളർച്ചയും കേരള ക്രിക്കറ്റിന്റെ വളർച്ചയും പരസ്പരപൂരകമായിരുന്നില്ലേ

തീർച്ചയായും. പണ്ടൊക്കെ കേരള ടീം ടൂർണമെന്റുകളിൽ കളിക്കാനായാണ് പോയിരുന്നത്. ഇപ്പോൾ അത് ജയിക്കാനായി പോകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഏജ് കാറ്റഗറി ടൂർണമെന്റുകളായാലും ഏകദിന,ട്വന്റി-20,രഞ്ജി ഫോർമാറ്റുകളായാലും നമുക്കും വിജയങ്ങൾ നേടാനാകും എന്ന ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്. അണ്ടർ13 തലം മുതൽ റെയ്‌ഫി വിൻസന്റ് ഗോമസ്, പി.പ്രശാന്ത്, റോബർട്ട് ഫെർണാണ്ടസ്, അഭിഷേക് ഹെഗ്ഡേ,എസ്.അനീഷ് എന്നിവരൊക്കെ അടങ്ങിയ ഒരു ടീമിൽ ഞാനും ഉൾപ്പെട്ടതാണ് വഴിത്തിരിവായത്. ഈ സംഘം ഓരോ ഏജ് ഗ്രൂപ്പും കടന്ന് മുന്നേറുമ്പോൾ കേരള ടീമും ദേശീയ തലത്തിൽ വിജയങ്ങൾ നേടിത്തുടങ്ങി. രഞ്ജിയിലേക്ക് എത്തുമ്പോൾ വി.എ ജഗദീഷും പ്രശാന്ത് പരമേശ്വരനുമൊക്കെ ഒപ്പമെത്തി. അടുത്തടുത്ത വർഷങ്ങളിലാണ് ഞങ്ങൾ രഞ്ജിയിൽ അരങ്ങേറുന്നത്. തോളോടുതോൾ ചേർന്നാണ് ഞങ്ങൾ വളർന്നത്. ടീമായി തന്നെയാണ് മുന്നോട്ടുപോയത്. ടീമിന്റെ വളർച്ചയാണ് ഞങ്ങളുടെയൊക്കെ കരിയറിന്റെയും വളർച്ചയായി പരിണമിച്ചത് .

?ആദ്യ രഞ്ജി മത്സരത്തിന്റെ ഓർമ്മകൾ

2005 ഡിസംബർ ഒൻപതിന് തന്റെ 19-ാം വയസിൽ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണ് ആദ്യ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയത്. ഇതേവേദിയിൽ അതേ എതിരാളികളോടാണ് 2022ൽ എന്റെ 36-ാം വയസിൽ 89-ാമത് രഞ്ജി മത്സരത്തിനിറങ്ങി ഏറ്റവും കൂടുതൽ രഞ്ജി കളിച്ച കേരള താരമായതും. അന്ന് രാജസ്ഥാനെ നയിച്ചത് അന്താരാഷ്ട്ര താരമായിരുന്ന അജയ് ജഡേജയായിരുന്നു. കേരളത്തെ ശ്രീകുമാരൻ നായരും. അന്ന് കേരളത്തിന്റെ ഓപ്പണിംഗ് ബൗളറായിരുന്നു ഇന്ത്യയ്ക്ക് കളിച്ച ടിനു യോഹന്നാൻ. പിന്നീട് അദ്ദേഹം ഞാനുൾപ്പെട്ട കേരള ടീമിന്റെ കോച്ചിന്റെ റോളിലെത്തി. ആദ്യ മത്സരത്തിൽ കേരളത്തിന് ലീഡ് നൽകിയ നിർണായകമായ 42 റൺസ് നേടാനായി.

? രഞ്ജിയിലെ കേരളത്തിന്റെ ലെവൽ മാറ്റം

ഞങ്ങൾ തുടങ്ങിയേടത്തുനിന്നുള്ള കേരള ക്രിക്കറ്റിന്റെ ഗ്രാഫ് നോക്കുകയാണെങ്കിൽ വളരെ ഉയരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഈ വളർച്ചയിൽ കഴിഞ്ഞകാലഘട്ടത്തിലെ എല്ലാ കളിക്കാരുടെയും പരിശീലകരുടെയും കെ.സി.എ ഭാരവാഹികളുടെയും പങ്കുണ്ട്. ഗ്രൗണ്ടുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കെ.സി.എയുടെ പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്.

രഞ്ജി ട്രോഫിയിൽ നമ്മൾ പ്ളേറ്റ് ലെവൽ കഴിഞ്ഞ് എലൈറ്റ് ലെവലിലേക്ക് മാറി. പല തവണ നോക്കൗട്ടിൽ കളിച്ചു. തുടർച്ചയായി പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും കടക്കാനായി. ഒരു തവണ സെമിയിലെത്തി. തീർച്ചയായും ആ പ്രയാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അനന്തേട്ടനും സുനിൽ ഒയാസിസ് ചേട്ടനുമൊക്കെ കളി അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് എന്റെ വരവ്. അവരുടെ പാരമ്പര്യം നിലനിറുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

? ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിലെ നിരാശ

അണ്ടർ -19 ഇന്ത്യ ടീമിലും ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിനും കളിച്ചു. അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇന്നത്തെ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പമാണ് റൂം ഷെയർ ചെയ്തത്. പക്ഷേ നമുക്ക് അതിന് മുകളിലേക്ക് എത്താനായില്ല. കളിക്കാരനെന്ന നിലയിൽ ഞാൻ ചെയ്യേണ്ടതൊക്കെ ചെയ്തിരുന്നു. നമ്മുടെ ഉന്തിനൊപ്പം പുറത്തുനിന്ന് ഒരു തള്ളുകൂടി വേണമല്ലോ?. ഗോഡ്ഫാദറെന്നൊക്കെ പറയാൻ എനിക്കാരുമുണ്ടായിരുന്നില്ല. പലപ്പോഴും എന്റെയത്ര മികവ് കാട്ടാത്ത മറ്റു സംസ്ഥാന താരങ്ങൾ മുകളിലേക്ക് പോയപ്പോൾ ഞാനവി‌ടെത്തന്നെ നിന്നു. അതിൽ പരിതപിച്ചിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല.

? രഞ്ജി ടീമിലേക്കുള്ള സഞ്ജുവിന്റെ വരവ്

13 വയസുള്ളപ്പോഴാണ് സഞ്ജു കേരളത്തിലേക്ക് എത്തുന്നത്. വ്യക്തമായ ലക്ഷ്യബോധമുള്ള കുട്ടിയായിരുന്നു അവൻ. അസാമാന്യ പ്രതിഭയും. അവൻ ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് ഞങ്ങൾക്കെല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യമാകാൻ ഇനിയും അവനുമുന്നിൽ സമയമുണ്ട്.

? 35-ാം വയസിലെ തിരിച്ചുവരവ് എത്രമാത്രം ബുദ്ധിമുട്ടേറിയതായിരുന്നു

പരിക്കും കൊവിഡും കാരണം രണ്ട് വർഷത്തോളം വിട്ടുനിൽക്കേണ്ടിവന്നതും 35-ാം വയസിൽ കേരള ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളും അതികഠിനമായിരുന്നു. മുമ്പ് ഈ പ്രായത്തിലുള്ള ഒരാൾക്ക് ഇത്രയും ഇടവേളവന്നാൽ തിരിച്ചുവരവ് ഏറെക്കുറെ അസാദ്ധ്യമായിരുന്നു. കാരണം അന്ന് ഏജ് ഗ്രൂപ്പ് മത്സരങ്ങൾ മാത്രമാണ് രഞ്ജി ട്രോഫിയിലേക്ക് സെലക്ഷന് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്സ് കപ്പും ക്ളബ് ചാമ്പ്യൻഷിപ്പുമൊക്കെ നടത്തുന്നതിലൂടെ ആർക്കും കഴിവുതെളിയിച്ച് തിരിച്ചെത്താനാകും. പക്ഷേ അതിന് അസാധാരണമായ മനസുറപ്പ് വേണം. ഈ പ്രായത്തിൽ തിരിച്ചുവരാൻ പറ്റില്ല എന്ന പലരുടെയും വിലയിരുത്തലുകൾ എന്നെ സങ്കടപ്പെടുത്തിയിരുന്നു. ഞാൻ ക്രിക്കറ്റിനെപ്പറ്റി ആരോടും സംസാരിക്കാത്ത അവസ്ഥവരെയുണ്ടായി. എന്നാൽ ആ വെല്ലുവിളി നേരിടാൻ ഒപ്പം നിന്ന അച്ഛനും അമ്മയും ഭാര്യയും നൽകിയ പിന്തുണയാണ് ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തിച്ചത്. പലപ്പോഴും എനിക്കുകഴിയുമെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ആ ബോധ്യത്തിലേക്ക് എത്തിയപ്പോൾ കഠിനമായി അദ്ധ്വാനിക്കാനുള്ള ഉൗർജം ലഭിച്ചു. കെ.സി.എ സെക്രട്ടറി വിനോദ്, ചീഫ് സെലക്ടർ പി.പ്രശാന്ത് എന്നിവർ നൽകിയ പിന്തുണയ്ക്കാണ് ഈ തിരിച്ചുവരവിൽ കടപ്പെട്ടിരിക്കുന്നത്.

? രണ്ടാം വരവിലെ രോഹന്റെ പ്രകടനം

എന്നിൽ വിശ്വാസമർപ്പിച്ചവരെ നിരാശപ്പെടുത്തേണ്ടിവന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ ആറ് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടാനായി. ടീമിന്റെ പല വിജയങ്ങളിലും ലീഡ് നേടുന്നതിലും പങ്കാളിയായി. രണ്ടാം വരവിൽ മറ്റൊരു സീനിയർ താരമായ സച്ചിൻ ബേബിക്കൊപ്പം അവസാന മത്സരത്തിലുൾപ്പടെ നിരവധി പാർട്ട്ണർഷിപ്പുകളിലും പങ്കാളിയായി.

? രോഹൻ പടിയിറങ്ങുന്ന കേരള ടീമിന്റെ ഭാവി

ദേശീയ തലത്തിലെ ഒന്നാം നിര ടീമായി ഉയരാനുള്ള ശേഷി ഇപ്പോഴത്തെ കുട്ടികൾക്കുണ്ട്. പ്രത്യേകിച്ച് വൈറ്റ് ബാൾ ഫോർമാറ്റുകളിൽ. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ കേരളം ദേശീയ ചാമ്പ്യന്മാരായാൽ അത്ഭുതപ്പെടേണ്ടതില്ല.രോഹൻ എസ്.കുന്നുമ്മൽ,വിഷ്ണു വിനോദ്,സിജോമോൻ ജോസഫ്,മുഹമ്മദ് അസ്ഹറുദ്ദീൻ,സൽമാൻ നിസാർ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ഇപ്പോഴുണ്ട്. ഷോൺ റോജറെപ്പോലുള്ള പ്രതിഭകൾ വരാനുണ്ട്. അതേ, നമ്മുടെ നല്ള കാലം വരാനിരിക്കുന്നതേയുള്ളൂ. അവർക്ക് വേണ്ടി നിറഞ്ഞ മനസോടെ,പൂർണ തൃപ്തിയോടെയാണ് ഞാൻ വഴിമാറുന്നത്. ഈ സീസണിൽ ശേഷിക്കുന്ന ഒരു മത്സരംകൂടി കളിച്ചിരുന്നെങ്കിൽ എനിക്ക് രഞ്ജിയിൽ 100 മത്സരങ്ങൾ തികയ്ക്കാമായിരുന്നു. പക്ഷേ എന്റെ വ്യക്തപരമായ നേട്ടത്തേക്കാൾ ഞാനായി തന്നെ വഴിമാറുന്നതിനുള്ള സന്തോഷാവസരം വിനിയോഗിക്കാനായിരുന്നു എന്റെ തീരുമാനം.

? രോഹന്റെ ഭാവി പ്രതീക്ഷകൾ

കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ളാസ് കളിക്കുന്നത് മാത്രമേ ഞാൻ നിറുത്തിയിട്ടുള്ളൂ. ക്രിക്കറ്ററായി തന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി രഞ്ജിയിൽ അവസരം ലഭിക്കുമെങ്കിൽ അങ്ങനെ. മറ്റ് രാജ്യങ്ങളിൽ ലീഗുകൾ ധാരാളമുണ്ട്. ഏതാവണം വഴിയെന്ന് പതിയെ ആലോചിച്ച് തീരുമാനിക്കാം. ഏതായാലും ക്രിക്കറ്റ് വിട്ടൊരു കളിയില്ല.

സുനിൽ ഗാവസ്കറുടെ ആരാധകനായ അച്ഛൻ പ്രേം ബാസിനാണ് മകന് ഗാവസ്കറുടെ മകന്റെ പേര് നൽകിയത്. രോഹന് നാലുവയസുള്ളപ്പോൾ കൊച്ചിയിലെത്തിയ ഗാവസ്കറെ കാണാൻ പ്രേം മകനൊപ്പം പോയിരുന്നു. അന്നുമുതൽ ഇന്നുവരെ രോഹന്റെ വളർച്ചയിൽ ഒപ്പമുള്ളത് പിതാവാണ്. ജാക്ളിൻ വിൽഫ്രഡാണ് അമ്മ. ഭാര്യ അഞ്ജുവിനും പെൺമക്കൾ ഇഷിതയ്ക്കും റിതികയ്ക്കുമൊപ്പം തിരുവനന്തപുരം കണ്ണമ്മൂല ഐശ്വര്യയിലാണ് താമസം.

രോഹന്റെ നേട്ടങ്ങൾ

അണ്ടർ 13 തലം മുതൽ എല്ലാ ഏജ് കാറ്റഗറിയിലും കേരളത്തിനായി കളിക്കുകയും നയിക്കുകയും ചെയ്തു.

എല്ലാ ഏജ് കാറ്റഗറിയിലും സെഞ്ച്വറി നേടി .

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കേരള താരം

രഞ്ജിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കേരള താരം

അണ്ടർ -19 ഇന്ത്യ ടീമിലും ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിനും കളിച്ചു.

ട്വന്റി-20 ഫോർമാറ്റിൽ കേരളത്തിനായി 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ.

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 100 മത്സരം തികച്ച രണ്ടാമത്തെ കേരള ക്രിക്കറ്റർ. അനന്തപത്മനാഭനാണ് ആദ്യത്തെയാൾ.

5000

രഞ്ജി ട്രോഫിയിൽ 5000 റൺസ് തികച്ച ആദ്യ കേരള ക്രിക്കറ്ററാണ് രോഹൻ പ്രേം. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 5479 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം.

കരിയർ കണക്കുകൾ

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ്

102 മത്സരങ്ങൾ

5479 റൺസ്

ഉയർന്ന സ്കോർ 208

സെഞ്ച്വറി 13

അർദ്ധ സെഞ്ച്വറി 27

53 വിക്കറ്റുകൾ

രഞ്ജി ട്രോഫി ക്രിക്കറ്റ്

99 മത്സരങ്ങൾ

5396 റൺസ്

ഉയർന്ന സ്കോർ 208

സെഞ്ച്വറി 13

അർദ്ധ സെഞ്ച്വറി 27

52 വിക്കറ്റുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ROHAN PREM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.