വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലെ സൈനിക കേന്ദ്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ പരീക്ഷിച്ച് യു.എസ് സൈന്യം. സൗദി അറേബ്യയിലെ റെഡ് സാൻഡ്സ് ഇന്റഗ്രേറ്റഡ് എക്സ്പിരിമെന്റേഷൻ സെന്ററിൽ പരിശീലനം നടത്തുന്ന റോബോട്ട് ഡോഗിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഡ്രോണുകളെയും മറ്റ് ആളില്ലാ ആകാശ പേടകങ്ങളെയും തുരത്തുന്നതിന്റെ ഭാഗമായാണ് റോബോട്ടിനെ പരിശീലിപ്പിക്കുന്നത്. നായയ്ക്ക് സമാനമായി നാല് കാലുകളോട് കൂടിയ റോബോട്ട് ഡോഗിന്റെ മുകളിൽ ചുറ്റിത്തിരിക്കാൻ കഴിയുംവിധം എ.ആർ-15/എം 16 പാറ്റേണിലെ റൈഫിൾ സ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഫോർട്ട് ഡ്രമിൽ ഇതുപോലൊരു റോബോട്ട് സിസ്റ്റം യു.എസ് സൈന്യം പരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം ഗ്രൗണ്ട് ഓട്ടണോമസ് ആയുധങ്ങളുടെ പരീക്ഷണം യു.എസ് പ്രതിരോധ വകുപ്പ് വ്യാപകമാക്കിയിട്ടുണ്ട്. ഭാവിയിൽ യുദ്ധഭൂമികളിൽ ഇവയെ വിന്യസിക്കുന്നത് ആൾനാശം ഒഴിവാക്കാൻ സഹായിക്കും. യു.എസിനെ കൂടാതെ മറ്റ് രാജ്യങ്ങളും ഇത്തരം കോംബാറ്റ് റോബോട്ടുകളെ വികസിപ്പിക്കുന്നുണ്ട്. മേയിൽ കംബോഡിയയിൽ നടന്ന സൈനികാഭ്യാസത്തിനിടെ അസോൾട്ട് റൈഫിൾ ഘടിപ്പിച്ച തദ്ദേശീയമായി വികസിപ്പിച്ച റോബോട്ട് ഡോഗിനെ ചൈന അവതരിപ്പിച്ചിരുന്നു.
മനുഷ്യ ഇടപെടൽ ഇല്ലാതെ ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശേഷിയുള്ള ഓട്ടണോമസ് ആയുധങ്ങൾ പ്രതിരോധ മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ഗവേഷണങ്ങൾ ലോകത്ത് സജീവമാണ്. അതിസങ്കീർണായ സാഹചര്യങ്ങളിൽ ഇത്തരം ആയുധങ്ങൾക്ക് മനുഷ്യനേക്കാൾ കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കരയിലെ ടാർജറ്റുകൾക്ക് നേരെ വെടിവയ്ക്കുന്ന ഇത്തരം റോബോട്ടുകൾക്കെതിരെ ആശങ്ക പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. മാരക നിർമ്മിത ബുദ്ധി ആയുധങ്ങളുടെ ഉപയോഗം ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നും വാദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |