പാലക്കാട് മുന്നിൽ
പാലക്കാട്: നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കുമ്പോൾ '' 2024 തിരുവോണം ബംബർ'' വിൽപ്പന 66 ലക്ഷത്തിലേക്ക് കടക്കുന്നു. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. നാലര ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ അവശേഷിക്കുന്നത്. അടുത്ത മൂന്നുദിവസം ബാക്കി ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. സബ് ഓഫീസുകളിലേത് ഉൾപ്പെടെ 12,12,300 ടിക്കറ്റുകളാണ് പാലക്കാട് വിറ്റഴിച്ചത്. 8,55,280 ടിക്കറ്റുകളുമായി തിരുവനന്തപുരവും 7,99,800 ടിക്കറ്റുകളുമായി തൃശൂരും തൊട്ടുപിറകിലുണ്ട്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവും ലഭിക്കും.
കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും വ്യക്തമാക്കി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും ഇക്കാര്യം വ്യക്തമാക്കി പ്രചരണം നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |