ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ രണ്ട് നെടും തൂണുകളാണ് അടുത്തടുത്ത ദിവസങ്ങളിൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നായകൻ രോഹിത് ശർമ്മയുടെയും വിരാട് കൊഹ്‌ലിയുടെയും വിടപറയലുകൾ ഇന്ത്യൻ ടീമിനെ എങ്ങനെയൊക്കെ ബാധിക്കും എന്ന ആശങ്കയിലാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ സ്പിന്നർ രവിചന്ദ്രൻ അശ്വിനും വിരമിച്ചിരുന്നു.
ജൂണിലെ ഇംഗ്ളണ്ട് പര്യടനത്തോടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ തുടങ്ങുകയാണ്. രോഹിത് വിരമിച്ചതിനാൽ പുതിയ നായകനെ തിരഞ്ഞെടുക്കണം. ശുഭ്മാൻ ഗിൽ,റിഷഭ് പന്ത് എന്നിവർക്കാണ് സാദ്ധ്യത. ഫിറ്റ്നെസ് പ്രശ്നമായതിനാൽ ജസ്പ്രീത് ബുംറയെ നായകനായി പരിഗണിച്ചേക്കില്ല.
ഇംഗ്ളണ്ടിലും ടെസ്റ്റ് ഫോർമാറ്റിലും പരിചയമുള്ള സീനിയേഴ്സിന്റെ അഭാവമാണ് ഇന്ത്യ നേരിടേണ്ട വലിയ വെല്ലുവിളി. അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര തുടങ്ങിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകൾ ഇപ്പോൾ ചിത്രത്തിലില്ല. കെ.എൽ രാഹുലും റിഷഭും ഗില്ലും രവീന്ദ്ര ജഡേജയും ഒഴികെ ടെസ്റ്റ് ഫോർമാറ്റിനോട് ചേർന്ന് പോകാൻ കഴിയുന്നവരും കുറവ്.
നിലവിൽ ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. മികച്ച ടീമിനെ രൂപീകരിക്കാനായില്ലെങ്കിൽ റാങ്കിംഗിൽ ഇനിയും താഴെപ്പോകും.
യുവതാരങ്ങൾ അണിനിരക്കുന്ന ഒരു പുതിയ ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ സെലക്ടർമാർക്കുള്ള അവസരമായും ഇതിനെ കാണാം. ഇന്ത്യൻ ടീമിലേക്ക് ഇടം കാത്തിരിക്കുന്ന സർഫ്രാസ് ഖാൻ,കരുൺ നായർ,യഷ് റാത്തോഡ്,ശുഭം ശർമ്മ,തന്മയ് അഗർവാൾ, ഡാനിഷ് മലേവാർ തുടങ്ങിയ ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനക്കാർക്ക് അവസരം നൽകാനാകും.
ജൂനിയേഴ്സിനെ മാത്രമായി ഇംഗ്ളണ്ടിലേക്ക് വിടാൻ ധൈര്യം പോരെങ്കിൽ അജിങ്ക്യ രഹാനെയേയോ പുജാരയേയോ തിരിച്ചുവിളിക്കാൻ സാദ്ധ്യതയുണ്ട്.
എന്നാൽ തങ്ങളുടെ അഭ്യർത്ഥന തള്ളി ഇംഗ്ളണ്ട് പര്യടനത്തിന് മുന്നേ വിരമിച്ച വിരാടിന് മുന്നിൽ കീഴടങ്ങേണ്ടെന്ന് കരുതി അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ യുവതാരങ്ങളെത്തന്നെ അണിനിരത്താനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |