അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.ഇന്ത്യൻ ക്യാമ്പുകൾ മലയാളി അത്‌ലറ്റുകളാൽ സമ്പന്നമായിരുന്നു. എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ് ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം ; ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ...1
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ (അണ്ടർ -20) അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ സെന്റർ ഒഫ് എക്സലൻസുകളെയും റിയലൻസ്,ജെ.എസ്.ഡബ്‌ള്യൂ തുടങ്ങിയ കോർപ്പറേറ്റ് സ്പോർട്സ് അക്കാഡമികളെയും പങ്കെടുപ്പിച്ചുനടത്തിയ മീറ്റിൽ കേരളത്തിന്റെ കുപ്പായമിട്ടിറങ്ങിയവരിൽ സ്വർണം കിട്ടിയത് ഒരേയൊരാൾക്ക്. മൂന്നുപേർക്ക് വെങ്കലം നേടാനായി. 47 ഇനങ്ങളിലായി ആയിരത്തോളം കായിക താരങ്ങൾ മത്സരങ്ങൾ മത്സരിച്ച മീറ്റിലാണ് നാലുമെഡലുകളും കൊണ്ട് കേരളം മടങ്ങിയത്.
ഇത് ഈയൊരു മീറ്റിലെ മാത്രം കഥയല്ല. പത്തുവർഷത്തോളമായി ജൂനിയർ, സബ് ജൂനിയർ തലത്തിലുള്ള ദേശീയ മത്സരങ്ങളിൽ കേരളത്തിന്റെ പോക്ക് പിന്നോട്ടാണ്. വർഷങ്ങളോളം ദേശീയ ജൂനിയർ കിരീടം കേരളത്തിന്റെ കുത്തകയായിരുന്നു.ഏറ്റവും കൂടുതൽ താരങ്ങളെ മത്സരിപ്പിക്കുന്നതും എല്ലാ ഇനങ്ങളിലും മെഡൽ സാന്നിദ്ധ്യമാകുന്നതുമൊക്കെ പഴയ കഥ. വ്യാഴവട്ടത്തിലധികം നീണ്ട തുടർ ഓവറാൾ കിരീടവിജയങ്ങൾക്ക് ശേഷം 2012ൽ ഹരിയാനയുടെ കുതിപ്പിന് മുന്നിൽ വീണെങ്കിലും തൊട്ടടുത്ത വർഷങ്ങളിൽ ജൂനിയർ ചാമ്പ്യന്മാരായി. എന്നാൽ 2016ന് ശേഷം ഒരു ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽപോലും കേരളത്തിന് കിരീടം നേടാനായിട്ടില്ല. ഹരിയാനയ്ക്ക് പിന്നാലെ തമിഴ്നാടും ഉത്തർപ്രദേശും കർണാടകയുമൊക്കെ അത്‌ലറ്റിക്സിലെ ശക്തികേന്ദ്രങ്ങളായി മുന്നോട്ടോടിയപ്പോൾ കേരളത്തിന്റെ ഓട്ടം പിന്നോട്ടായിരുന്നു. രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിന്നൊക്കെ പടിപടിയായി ഇറങ്ങി ഇപ്പോൾ വിരലിലെണ്ണാവുന്ന മെഡലുകളിൽ കേരളത്തിന്റെ 'നേട്ടങ്ങൾ" ഒതുങ്ങി.
കേരളം ജൂനിയർ തലത്തിൽ നൽകുന്ന പ്രതിഭകളെയാണ് ദേശീയ ഫെഡറേഷൻ ക്യാമ്പുകളിലേക്ക് എടുത്തിരുന്നത്. സ്പ്രിന്റ് , ജമ്പ്, മദ്ധ്യദൂര ഓട്ടം തുടങ്ങിയ ഇനങ്ങളിലാണ് കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നത്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ പുരുഷ-വനിതാ ജമ്പ് ഇനങ്ങളിൽ മുഴുവൻ മലയാളി താരങ്ങൾ മത്സരിച്ചിരുന്നതാണ്. ഇപ്പോഴും സീനിയർ തലത്തിൽ ശ്രീശങ്കർ മുരളി, ആൻസി സോജൻ, ഷീന, മരിയ ജെയ്സൺ തുടങ്ങിയവരൊക്കെയുണ്ടെങ്കിലും അവർക്ക്ശേഷമുള്ള നിരയിലെത്തുമ്പോൾ പിന്തുടർച്ച ഇല്ലാതാകുന്നു. ജൂനിയർ - സ്കൂൾ തലങ്ങളിലെ ജമ്പ് ഇനങ്ങളിൽ കേരളത്തിന്റെ കുത്തക പോയിട്ട് സാന്നിദ്ധ്യം പോലും അപ്രസക്തമായ രീതിയിലേക്ക് മാറി.
ടീമെവിടെ മക്കളേ...
മുമ്പൊക്കെ ദേശീയ മീറ്റുകൾക്ക് കേരള ടീം പോയിരുന്നത് ആഘോഷമായാണ്. നൂറോളം പേർ ടീം സ്പിരിറ്റോടെ കേരള ജഴ്സിയണിഞ്ഞ് എത്തുന്നത് മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ബഹുമാനത്തോടെ നോക്കിനിൽക്കുന്നത് കണ്ടിട്ടുണ്ട്. കൊവിഡിന് ശേഷം മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ ആദ്യം മാഞ്ഞുപോയത് ആ ടീം സ്പിരിറ്റാണ്. സ്പോർട്സ് കൗൺസിൽ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ ഉത്തരവാദിത്വത്തിൽ ടീമിനെ അയയ്ക്കുന്ന ഏർപ്പാട് കൊവിഡിന് ശേഷം അവസാനിപ്പിച്ചു. താരങ്ങളെ സെലക്ഷൻ ട്രയൽസ് നടത്തി ദേശീയ ഫെഡറേഷന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യിക്കുന്നതിൽ അവസാനിച്ചു അസോസിയേഷന്റെ ഉത്തരവാദിത്വം. പോകേണ്ടവർക്ക് സ്വന്തം നിലയിൽ പോകാം. മത്സരിക്കാം.മെഡൽ കിട്ടിയാൽ കിട്ടി. ഇല്ലെങ്കിൽ ഇല്ല. ടീം മാനേജർമാരും പരിശീലകരുമായി അയയ്ക്കുന്നവർ മത്സരവേദിയിൽ വച്ച് കേരളടീമിലെ എല്ലാ താരങ്ങളെയും കാണണമെന്നുപോലുമില്ല. റിലേ ഇനങ്ങളിൽ ടീമിനെ സെറ്റ് ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. അതേസമയം കേരളത്തിന്റെ പഴയമാതൃക പിൻപറ്റി ടീം സ്പിരിറ്റോടെയെ ത്തുന്ന മറ്റ് സംസ്ഥാനങ്ങൾ നേട്ടങ്ങൾ കൊയ്യുന്നു.
ഇതിന്റെ പഴി മുഴുവൻ അസോസിയേഷനിൽ ചാരാൻ കഴിയില്ല. യാത്രക്കൂലിയും ടീം ജഴ്സിയുമൊക്കെ നൽകേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്ന് പണം കിട്ടാത്തപ്പോൾ എത്രയെന്നുകരുതി അസോസിയേഷൻ ഭാരവാഹികൾ സ്വന്തം കയ്യിൽ നിന്ന് പണംമുടക്കി കേരള ടീമിനെ കൊണ്ടുപോകും?. അത്‌ലറ്റിക്സിൽ മാത്രമല്ല എല്ലാ കായിക ഇനങ്ങളിലും ഇതുതന്നെ സ്ഥിതി. യാത്രക്കൂലി മാത്രമല്ല, കായിക താരങ്ങൾക്ക് കൃത്യസമയത്ത് നല്ല ഭക്ഷണം നൽകാൻ പോലും കൗൺസിലിന് കഴിയുന്നില്ല. അതേപ്പറ്റി നാളെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |