തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് ജോലിയും ശമ്പളവും നഷ്ടപ്പെട്ട കായികാദ്ധ്യാപകരെ സംരക്ഷിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. കഴിഞ്ഞ സെപ്തംബർ അഞ്ചിന് 300 കുട്ടികളെങ്കിലുമുള്ള യു.പിസ്കൂളിലും കായികാദ്ധ്യാപക തസ്തിക സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കായികാദ്ധ്യാപക സമരത്തെത്തുടർന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ.രവീന്ദ്രനാഥാണ് 2017ൽ കായികാദ്ധ്യാപക സംരക്ഷണ ഉത്തരവിറക്കിയത്. അപ്പർപ്രൈമറി സ്‌കൂളുകളിൽ 500 കുട്ടികളുണ്ടെങ്കിൽ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് തസ്തിക അനുവദിച്ചിരുന്നത്. ഒരു കുട്ടി കുറഞ്ഞാൽപ്പോലും തസ്തിക നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിൽ 300 കുട്ടികളെയോ അതില്ലെങ്കിൽ അതേവിദ്യാലയത്തിലെ എൽ.പി.വിഭാഗം കുട്ടികളെക്കൂടി ചേർത്ത് മുന്നൂറ് ആക്കി യു.പി. കായികാദ്ധ്യാപകനേയും പത്താംക്ലാസിലെ പിരീഡുകളും, അതേ വിദ്യാലയത്തിലെ യു.പി.വിഭാഗംകുട്ടികളേയും ചേർത്ത് ഹൈസ്‌കൂൾവിഭാഗം കായികാദ്ധ്യാപകനേയും സംരക്ഷിക്കാമെന്നായിരുന്നു ഉത്തരവ്. 2023 ൽ ഈ ഉത്തരവ് റദ്ദുചെയ്തതാണ് കായികാദ്ധ്യാപകർക്ക് തിരിച്ചടിയായത്. ഇതോടെ നിരവധി കായികാദ്ധ്യാപകർ സർവീസിൽനിന്നും പുറത്തായിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തോടെ സർവീസിൽ തിരികെ കയറാമെന്ന പ്രതീക്ഷയോടെ കാത്തിരുന്നിട്ടും, ഉത്തരവിറങ്ങാതായതോടെ നിരാശയിലാണിവർ. തസ്തികനിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നും, 'ആരോഗ്യകായിക വിദ്യാഭ്യാസ' മേഖലയിലേയും, കായികാദ്ധ്യാപക തൊഴിൽമേഖലയിലേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത കായികാദ്ധ്യാപക സംഘടന സ്‌കൂളിതര പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുകയാണെന്ന് സംസ്ഥാന ഭാരവാഹികളായ ബിജു ദിവാകരൻ, എസ്.ഷിഹാബ്ദ്ദീൻ, വി.സജാത് സാഹിർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |