ടോട്ടൻഹാമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പാരീസ് എസ്.ജിക്ക് യുവേഫ സൂപ്പർ കപ്പ്
യൂഡിൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജീതാക്കളും തമ്മിൽ സീസണിന്റെ തുടക്കത്തിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ കിരീടം ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ചുക്ളബ് പാരീസ് എസ്.ജിക്ക്. നിശ്ചിതസമയം അവസാനിക്കാൻ അഞ്ചുമിനിട്ട് മാത്രമുള്ളപ്പോഴും രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന പാരീസ് 85-ാം മിനിട്ടിലും ഇൻജുറി ടൈമിലും നേടിയ ഗോളുകൾക്ക് സമനില പിടിച്ചശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ടോട്ടൻഹാമിനെ തകർത്താണ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്. 4-3നായിരുന്നു പാരീസിന്റെ ഷൂട്ടൗട്ട് വിജയം.
യൂഡിനിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിട്ടിൽ മിക്കി വാൻഡെ വെനും 48-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേരോയുമാണ് ടോട്ടൻഹാമിനായി ലക്ഷ്യം കണ്ടത്. എന്നാൽ 85-ാം മിനിട്ടിൽ ലീ കാംഗ ഇൻ പാരീസിനായി ആദ്യ ഗോളടിച്ചു. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ ഗോൺസാലോ റാമോസിലൂടെ സമനിലയും പിടിച്ചതോടെ നേരിട്ട് ഷൂട്ടൗട്ടിലേക്ക് കടന്നു.
ഷൂട്ടൗട്ടിൽ പി.എസ്.ജിയുടെ ആദ്യ കിക്ക് വിറ്റീഞ്ഞ പുറത്തേക്ക് അടിച്ചുകളഞ്ഞെങ്കിലും മിക്കി വാൻഡെ വെൻ എടുത്ത കിക്ക് തടുത്ത് പി.എസ്.ജിയുടെ പുതിയ ഗോളി ലൂക്കാസ് ഷെവലിയർ പാരീസിന്റെ ആത്മവിശ്വാസം കാത്തു.ടോട്ടൻഹാമിന്റെ നാലാം കിക്ക് മാത്തിസ് ടെൽ പുറത്തേക്ക് അടിച്ചു. ന്യൂനോ മെൻഡസ് അവസാന കിക്ക് ഗോളാക്കിയതോടെയാണ് പി.എസ്.ജിയുടെ കിരീടം ഉറപ്പായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |