
തിരുവനന്തപുരം: മദ്ധ്യ ദൂര ഇനങ്ങളിലെ മലയാളി വിസ്മയം ഒളിമ്പ്യൻ ജിൻസൺ ജോൺസൺ ട്രാക്കിനോട് വിട പറഞ്ഞു. 800, 1500 മീറ്ററുകളിൽ നിലവിലെ ദേശീയ റെക്കാഡുകാരനായ ജിൻസൺ ഇന്നലെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
കുട്ടിക്കാലത്ത് കൊൽക്കത്തയിൽ നിന്ന് തുടങ്ങിയ ആ ആൺകുട്ടിയുടെ സ്വപ്നയാത്ര 2023 ൽ ച് ഗ്വാങ്ഷുവിലെ ഏഷ്യൻ ഗെയിംസ് പോഡിയത്തിൽ വരെ എത്തിനിൽക്കുന്നു നന്ദി അത് ലറ്റിക്സ്. - 34 കാരനായ ജിൻസൺ വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.
ചില യാത്രകൾ മീറ്ററുകളും സെക്കൻഡുകളും കൊണ്ട് അളക്കപ്പെടും. മറ്റ്ചില യാത്രകൾ അളക്കപ്പെടുക കണ്ണ് നീരും സമർപ്പണവും വിശ്വാസവും തോൽക്കാൻ സമ്മതിക്കാത്ത ചില മനുഷ്യരിലൂടെയുമാണ്.
2019 വരെ എല്ലാം നന്നായിട്ട് പോയി. എന്നാൽ പിന്നീട് ഗുരുതര പരിക്കും കൊവിഡും കരിയറിൽ വലിയ തിരച്ചടിയായി. മൂന്ന് വർഷം കരിയറിൽ നഷ്ടപ്പെട്ടു.
2023 ൽ ഗാങ്ഷുവിലെ വെങ്കല മെഡൽ നേട്ടം തിരിച്ചു വരവായിരുന്നു. ദേശീയ അന്തർ ദേശീയ തലത്തിൽ അതായിരുന്നു എൻ്റെ ഫൈനൽ റേസ്.
കരിയറിലെ ഉയർച്ചകളിലും താഴ്ചകളിലും ഒപ്പം നിന്ന പരിശീലകർ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ , റിലയൻസ് ഫൗണ്ടേഷൻ, സായി, ആർമി സ്പോർട്സ് ഇൻസ്റ്റിറ്റൂട്ട്, 851 ലെറ്റ് റെജിമെൻ്റ് ആർട്ടിലറി , മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കെല്ലാം നന്ദി - ജിൻസൺ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.
രണ്ട് ദേശീയ റെക്കാഡുകൾ തിരുത്താനയതും ഇന്ത്യൻ അത്‌ലറ്റിക്സ് രംഗത്തിന് സംഭാവന നൽകാനായതും ജീവിതത്തിലെ അഭിമാന മൂഹൂർത്തങ്ങളാണെന്നും ജിൻസൺ പറയുന്നു.
കോഴിക്കോട്
ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ സെൻ്റ് ജോർജസ് എച്ച്.എസ്.എസ് കുളത്തു വയലിൽ പഠിക്കുമ്പോഴാണ് അത്ലറ്റിക്സിലേക്ക് വരുന്നത്.
കോച്ച് കെ.എം പീറ്ററിൻ്റെ കുളത്തുവയിലെ അത്‌ലറ്റിക്സ് അക്കാഡമിയാണ് നേ ട്ടങ്ങളിലേക്കുള്ള ജിൻസൺൻ്റെ യാത്രയ്ക്ക് നാന്ദി കുറിച്ചത്.
2007 ൽ കൊൽക്കത്ത വേദിയായ ദേശീയ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിലെ സ്വർണ നേട്ടത്തോടെയാണ് ട്രാക്കിലെ കുതിപ്പ് തുടങ്ങുന്നത്.
2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി രാജ്യത്തിൻ്റെ അഭിമാനമായി. 2023 ലെ ഗ്വാങ്ഷൂ എഷ്യൻ ഗെയിംസിലും 1500 ൽ വെങ്കലം നേടി.
2015ൽ വുഹാൻ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിയും 2017 ൽ ദുവനേശ്വറിൽ വെങ്കലവും കരസ്ഥമാക്കി. 2015 ൽ തായ്ലാൻഡിൽ നടന്ന ഏഷ്യൻ ഗ്രാൻ പ്രിക്സിൽ 3 സ്വർണം സ്വന്തമാക്കി.
2016 ജൂലായിൽ ബംഗളൂരു ശ്രീ കണ്‌ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിൽ 800 മീറ്ററിൽ പേഴ്സണൽ ബെസ്റ്റ് പ്രകടനം ( 1 മിനിട്ട് 45. 98 സെക്കൻഡ് ) പുറത്തെടുത്ത് റിയോ ഒളിമ്പിക്സിന് യോഗ്യത നേടി.
കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2018 ൽ രാജ്യം ജിൻസണെ അർജുന അവാർഡ് നൽകി ആദരിച്ചു. 2019 ൽ കേരള സർക്കാരിൻ്റെ ജി.വി രാജ പുരസ്കാരവും നേടി. ജിമ്മി ജോർജ്ജ് അവാർഡ് വി. പി സത്യൻ പുരസ്കാരം എന്നിവയും ജിൻസണ് ലഭിച്ചു.
ചക്കിട്ടപ്പാറ കുളച്ചൽ ജോൺസൺ ശൈലജ ദമ്പതികളുടെ മകനാണ്. ഡോ. ലക്ഷ്മിയാണ് ഭാര്യ.
നിലവിൽ ആർമിയിൽ സുബേദാറാണ് ജിൻസൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |