
സോൾ: തർക്ക പ്രദേശമായ ടക്കേഷിമ ദ്വീപിനെ ചൊല്ലി ജപ്പാനുമായി ഇടഞ്ഞ് ദക്ഷിണ കൊറിയ. ജപ്പാനിലെ ഷിമേൻ പ്രവിശ്യയിൽ, ദ്വീപിന്റെ പേരിൽ ' ടക്കേഷിമ ഡേ " എന്ന സർക്കാർ പരിപാടി നടത്തിയതാണ് ദക്ഷിണ കൊറിയയെ ചൊടിപ്പിച്ചത്. ജപ്പാന്റെ പ്രവൃത്തി തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരത്തിന് മേലുള്ള അന്യായ കടന്നുകയറ്റമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.
പരിപാടിയെ ശക്തമായി എതിർക്കുന്നെന്നും ജപ്പാൻ സർക്കാർ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തത് അംഗീകരിക്കാനാകില്ലെന്നും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ദ്വീപ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അന്താരാഷ്ട്ര നിയമപ്രകാരവും തങ്ങളുടേതാണെന്ന് പറഞ്ഞ മന്ത്രാലയം, ജാപ്പനീസ് എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ജപ്പാനും ഉത്തര - ദക്ഷിണ കൊറിയകളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്ന പാറക്കൂട്ടങ്ങളാൽ നിറഞ്ഞ ചെറു ദ്വീപുകളുടെ സമൂഹമാണ് ടക്കേഷിമ. ഡോക്‌ഡോ എന്നാണ് ദക്ഷിണ കൊറിയക്കാർ ഈ ദ്വീപിനെ വിളിക്കുന്നത്. ജദക്ഷിണ കൊറിയൻ തീരത്തിന് കിഴക്ക് 225 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് ലിയൻകോർട്ട് റോക്ക്സ് എന്നും പേരുണ്ട്.
ജപ്പാൻ കടലിൽ ജപ്പാനും കൊറിയയ്ക്കും ഇടയിൽ ഏകദേശം തുല്യ അകലത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം. കൊറിയക്കാർ ഈസ്റ്റ് സീ എന്നാണ് ഈ കടൽ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയയുടെ അധികാര പരിധിയിലാണ് ഈ ദ്വീപുള്ളതെങ്കിലും തങ്ങളുടെ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ദ്വീപെന്നാണ് ജപ്പാന്റെ അവകാശവാദം.
ദ്വീപിന്റെ പരമാധികാരത്തെ ചൊല്ലിയുള്ള തർക്കം സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കിടെയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിരുന്നു. ടക്കേഷിമ ദ്വീപിന് അടുത്തുള്ള ജപ്പാനീസ് പ്രദേശമാണ് ഷിമേൻ പ്രവിശ്യ. ഇതിന് മുമ്പും പലതവണ ദ്വീപിന്റെ പേരിൽ ഇരുരാജ്യങ്ങളും കൊമ്പുകോർത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |