ടോക്യോ : 55-ാംവയസിൽ പുതിയ ക്ലബിൽ ചേർന്ന് കളിക്കളത്തിലെ തന്റെ പടയോട്ടം തുടരുന്ന ജാപ്പനീസ് ഫുട്ബാളർ കസുയോഷി മിയുറ അത്ഭുതമാകുന്നു. ജപ്പാനീസ് നാലാം ഡിവിഷൻ ക്ലബ്ബ് സുസുക്ക പോയിന്റ് ഗെറ്റേഴ്സിലാണ് കഴിഞ്ഞ ദിവസം 54 കാരന് കസുയോഷി ചേർന്നത്.ഇതോടെ പ്രൊഫഷണൽ ഫുട്ബാൾ കരിയറിലെ 37-ാം സീസണിലേക്കാണ് കിംഗ് കസു എന്ന് വിളിപ്പേരുള്ള കസുയോഷി കടക്കുന്നത്. നിലവിൽ കളിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബാൾ താരവും കസുയോഷി തന്നെ.
പ്രായം കസുയോഷിക്ക് വെറുമൊരക്കം മാത്രം. 1986 ലാണ് കസുയോഷി പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബുകൾപല തവണ മാറിയ കസു മൈതാനത്ത് പന്ത് തട്ടിക്കൊണ്ടേയിരുന്നു. സുസുക്ക പോയിന്റ് ഗെറ്റേഴ്സ് താരത്തിന്റെ 15-ാം ക്ലബ്ബാണ്. സഹോദരൻ യസുതോഷി മിയുറയാണ് ക്ലബിന്റെ പരിശീലകൻ. കഴിഞ്ഞ സീസണിൽ യൊക്കൊഹോമ എഫ് സിയുടെ താരമായിരുന്ന കസുയോഷി ക്ലബ്ബ് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടതോടെയാണ് പുതിയ ക്ലബ്ബിലേക്ക് മാറിയത്.
ജപ്പാന് വേണ്ടി 89 മത്സരങ്ങൾ കളിച്ചിട്ടുളള കസുയോഷി രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ്. 1992 ലെ ഏഷ്യൻ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |