നിർണായക ലോകകപ്പ് പ്ളേ ഓഫ് സെമിഫൈനലിന് പോർച്ചുഗലും ഇറ്റലിയും
പോർച്ചുഗൽ Vs തുർക്കി
ഇറ്റലി Vs നോർത്ത് മാസിഡോണിയ
ലിസ്ബൺ : ഖത്തറിൽ ഈ വർഷാവസാനമരങ്ങേറുന്ന ലോകകപ്പിൽ പോർച്ചുഗലിന്റെ പടത്തലവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടമുണ്ടാകുമോ? അതോ യൂറോകപ്പ് ജേതാക്കളായ ഇറ്റലിക്കാവുമോ ഖത്തറിലേക്ക് ടിക്കറ്റുകിട്ടുക.?. ലോകകമെങ്ങുമുള്ള ഫുട്ബാൾ ലരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള യൂറോപ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ പ്ളേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. പ്ളേ ഓഫ് റൗണ്ടിൽ സെമിഫൈനലും ഫൈനലും ജയിച്ചാൽ മാത്രമേ പോർച്ചുഗലിനും ഇറ്റലിക്കും ലോകകപ്പ് യോഗ്യത ലഭിക്കൂ.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1.15 മുതലാണ് പോർച്ചുഗലും തുർക്കിയും തമ്മിലുള്ള പ്ളേ ഓഫ് സെമിഫൈനൽ.ഇറ്റലി ഇതേ സമയത്ത് നോർത്ത് മാസിഡോണിയയെ നേരിടും. സ്വീഡൻ -ചെക്ക് റിപ്പബ്ളിക്, വേൽസ് - ആസ്ട്രിയ പോരാട്ടങ്ങളും നടക്കുന്നുണ്ട്. സെമിഫൈനലിൽ വിജയിക്കുന്ന ടീമുകൾ തമ്മിലാണ് പ്ളേ ഓഫ് ഫൈനൽ റൗണ്ടിലെ പോരാട്ടം. ഇതിലെ വിജയികൾക്കായാണ് യൂറോപ്യൻ വൻകരയിൽ അവശേഷിക്കുന്ന മൂന്ന് ലോകകപ്പ് ബർത്തുകൾ ലഭിക്കുക.
ഇതിൽ ഒരു ബർത്തിനായാണ് ഇറ്റലിയും പോർച്ചുഗലും കടിപിടി കൂടേണ്ടത്. കാരണം പ്ളേ ഓഫ് സെമിയിൽ പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചാൽ ഫൈനൽ റൗണ്ട് പോരാട്ടം ഇറ്റലി- നോർത്ത് മാസിഡോണിയ പോരാട്ടത്തിലെ വിജയികൾ തമ്മിലാകും.
പോർച്ചുഗലിനായി നാലു ലോകകപ്പുകൾ കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു തവണപോലും കപ്പുയർത്താനായില്ല.
2006 ലോകകപ്പിലാണ് ആദ്യം കളിച്ചത്.2010,2014,2018 ലോകകപ്പുകളിൽ കളിച്ചു. 2010 മുതൽ പോർച്ചുഗലിനെ ലോകകപ്പുകളിൽ നയിച്ചത് ക്രിസ്റ്റ്യാനോയാണ്.
2016ൽ യൂറോ കപ്പ് ചാമ്പ്യന്മാരാക്കിയതാണ് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോയുടെ ഏറ്റവും വലിയ നേട്ടം.
7 ഗോളുകൾ ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.
2010 ലോകകപ്പിലും പ്ളേ ഓഫ് റൗണ്ടിൽ വിജയിച്ചാണ് പോർച്ചുഗൽ യോഗ്യത നേടിയത്.
പെപെയില്ല
ഖത്തർ ലോകകപ്പിന് സ്ഥാനമുറപ്പിക്കാനുള്ള നിർണായക പ്ളേ ഓഫ് മത്സരത്തിൽ പോർച്ചുഗൽ ടീമിന് വേണ്ടി ഡിഫൻഡർ പെപെയ്ക്ക് കളിക്കാനാവില്ല.താരത്തിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |