കൊൽക്കത്ത: ഐ ലീഗ് കിരീടം കൈയെത്തും ദൂരെയുള്ള ഗോകുലം കേരള ഇന്ന് രാജസ്ഥാൻ എഫ്.സിയെ നേരിടും. കിരീട നേട്ടത്തിലേക്ക് മൂന്ന് മത്സരത്തിൽ നിന്ന് നാല് പോയിന്റ്കൂടി ആവശ്യമുള്ള ഗോകുലം കേരള ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ കലാശിക്കുകയായിരുന്നു. നെരോക്കക്കെതിരേയുള്ള അവസാന മത്സരത്തിൽ വൻ ജയം സ്വന്തമാക്കിയ മലബാറിയൻ മികച്ച ആത്മവിശ്വാസത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് 15 മത്സരത്തിൽ നിന്ന് 37 പോയിന്റാണുള്ളത്.
നിലവിൽ ഗോകുലം താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നുള്ളതാണ് പരിശീലകന്റെയും താരങ്ങളുടെ ആത്മവിശ്വാസം. ലീഗിൽ ഇതുവരെ തോൽവി അറായാതെയുള്ള ഗോകുലത്തിന്റെ ജൈത്ര യാത്ര രാജസ്ഥാനെതിരേയും പുറത്തെടുക്കാനായാൽ ഗോകുലം കേരളക്ക് കിരീടത്തിലേക്കുള്ള ദൂരം ഇനിയും കുറക്കാൻ സാധിക്കും. നിലവിൽ നാലു പോയിന്റ് മാത്റം അകലെയാണ് ഗോകുലത്തിന് ഐ ലീഗ് കിരീടം. ലീഗിൽ തോൽവി അറിയാതെ കുതിക്കുന്ന ഗോകുലം സീസണിൽ 11 ജയം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് 40 ഗോളുകൾ സ്വന്തമാക്കുകയും 6 ക്ലീൻ ഷീറ്റും ഗോകുലത്തിന്റെ അക്കൗണ്ടിലുണ്ട്. സ്ലോവേനിയൻ താരം ലൂക്ക മെയ്സനാണ് 13 ഗോളുകളും ഗോകുലത്തിന് വേണ്ടി വലയിലാക്കിയത്. പരുക്കേറ്റ ലൂക്ക ഇന്ന് കളത്തിലിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. കോഴിക്കോട്ടുകാരനായ താഹിർ സമാനാണ് അഞ്ചു ഗോളുമായി ഇന്ത്യൻ താരങ്ങളിലെ ടോപ് സ്കോറർ. 16 മത്സരത്തിൽ നിന്ന് 22 പോയിന്റുള്ള രാജസ്ഥാൻ എഫ്.സി പട്ടികയിൽ ആറാം സ്ഥാനത്താണിപ്പോൾ. ഇന്ന് രാത്റി എട്ടിന് ബംഗാളിലെ നെയ്ഹാതി സ്റ്റേഡിയത്തിലാണ് ഗോകുലവും രാജസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. മുഹമ്മദൻസ്, ശ്റീനിധി എഫ്.സി എന്നീവർക്കെതിരേയാണ് ഗോകുലത്തിന്റെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |