ചെന്നൈ: മക്കളെ കാണാനില്ലെന്ന് ആരോപിച്ച് ഗായകൻ മനോയുടെ ഭാര്യ രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ട് പേരെ ആക്രമിച്ച കേസിലെ പ്രതികളാണ് മക്കൾ. ഇവരെ കാണാനില്ലെന്നാണ് മനോയുടെ ഭാര്യ ജമീല ആരോപിക്കുന്നത്. ഇവരെ സംഘമായെത്തിയവർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ മാസം പത്തിന് മനോയുടെ മക്കളായ ഷാക്കിറും റാഫിയും വത്സരവാക്കം ശ്രീദേവി കുപ്പത്തുളള വീടിന് സമീപം കുറച്ച് സുഹൃത്തുക്കളുമായി സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് സമീപത്തുളള ഹോട്ടലിൽ പാഴ്സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കത്തിലാകുന്നത്. പിന്നാലെ കയ്യേറ്റമുണ്ടായി. ഇതോടെ മനോയുടെ മക്കളും സുഹൃത്തുക്കളും കൂട്ടംച്ചേർന്ന് തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് കൃപാകരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വത്സരവാക്കം പൊലീസ് കേസെടുത്ത് മനോയുടെ വീട്ടിലെത്തി തെരച്ചിൽ നടത്തിയെങ്കിലും ഷാക്കിറും റാഫിയും ഒളിവിലായിരുന്നു.
ഇതിനിടെ അജ്ഞാത സംഘം വീട്ടിൽ അതിക്രമിച്ച് കയറി മക്കളെ കയ്യേറ്റം ചെയ്തെന്നും ആഭരണങ്ങളും വിലിപിടിപ്പുളള വസ്തുക്കളും അപഹരിച്ചെന്ന് ആരോപിച്ച് ജമീല പരാതി നൽകുകയായിരുന്നു. അന്നേ ദിവസം തന്നെയാണ് മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടത്. പ്രതികൾ ആക്രമിക്കുന്ന കൂടുതൽ ദൃശ്യങ്ങളുണ്ടെന്നും മക്കളാണ് കേസിലെ യഥാർത്ഥ ഇരകളെന്നും ജമീല മാദ്ധ്യമങ്ങളോട് പറഞ്ഞു. മക്കളെ അടിയന്തരമായി കണ്ടെത്തണമെന്നും അവർ പൊലീസിനോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |