ആവേശപ്പോരാട്ടത്തിൽ നാെവാക്ക് ജോക്കോവിച്ചിനെ കീഴടക്കി റാഫേൽ നദാൽ സെമിയിൽ
പാരീസ്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ ക്വാർട്ടർ ഫൈനലിൽ തകർത്ത് കളിമൺ കോർട്ടിലെ ഇതിഹാസതാരം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-2, 7-6 എന്ന സ്കോറിനാണ് നദാൽ വിജയം നേടിയത്. നാളെ നടക്കുന്ന സെമിയിൽ നദാൽ ലോക മൂന്നാം നമ്പർതാരമായ അലക്സാണ്ടർ സ്വെരേവിനെ നേരിടും.
ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന പോരാട്ടത്തിൽ നദാൽ ആദ്യസെറ്റ് 6-2 ന് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് 6-4 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. എന്നാൽ കളിമണ്‍ കോർട്ടിലുള്ള ആധിപത്യം നദാൽ പുറത്തെടുത്തതോടെ മൂന്നാം സെറ്റിൽ ജോക്കോവിച്ചിന് ബുദ്ധിമുട്ടേറി. നദാൽ 6-2 ന് സെറ്റ് സ്വന്തമാക്കുകയും ചെയ്തു. നാലാം സെറ്റിൽ ഇരുവരും 6-6 എന്ന സ്കോറിന് തുല്യതയിലെത്തിയെങ്കിലും ടൈബ്രേക്കറിൽ തകർപ്പൻ കളി പുറത്തെടുത്ത നദാൽ 7-4 എന്ന സ്കോറിന് ടൈബ്രേക്കര്‍ വിജയിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.
മെദ്വദേവ് പുറത്ത്
ഫ്രഞ്ച് ഓപ്പണിൽ നിന്ന് ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ് പുറത്തായി. 20-ാം സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ് യു.എസ്. ഓപ്പൺ ചാമ്പ്യനായ മെദ്വദേവിനെ പ്രീക്വാർട്ടറിൽ അട്ടിമറിച്ചത് സ്കോർ : 6-2, 6-3, 6-2 . ഏഴാം സീഡ് ആന്ദ്രെ റുബ്ലേവാണ് ക്വാർട്ടറിൽ സിലിച്ചിന്റെ എതിരാളി.
അതേസമയം, മൂന്നാം സീഡായ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ക്വാർട്ടറിൽ സ്പെയിനിന്റെ കാർലോസ് അൽക്കരാസിനെ 6-4,6-4,4-6,7-6ന് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.
കസാക്കിന സെമിയിൽ
ഇന്നലെ നടന്ന വനിതകളുടെ ആൾ റഷ്യൻ ക്വാർട്ടർ ഫൈനലിൽ വെറോണിക്ക കുദർമെറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ഡാരിയ കസാക്കിന സെമിയിലെത്തി. 6-4,7-6(5) എന്ന സ്കോറിനായിരുന്നു കസാക്കിനയുടെ ജയം. ആദ്യമായാണ് കസാക്കിന ഗ്രാൻസ്ളാം സെമിഫൈനലിൽ പ്രവേശിക്കുന്നത്. ലോക ഒന്നാം നമ്പർ ഇഗ ഷ്വാംടെക്കിനെയാണ് കസാക്കിന സെമിയിൽ നേരിടേണ്ടത്. ഇന്നലെ നടന്ന ക്വാർട്ടർഫൈനലിൽ ജെസിക്ക പെഗുലയെ കീഴടക്കിയാണ് ഇഗ സെമിഫൈനലിന് ടിക്കറ്റെടുത്തത്.
22
കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുകയാണ് ഇക്കുറി ഫ്രഞ്ച് ഓപ്പണിലൂടെ നദാൽ ലക്ഷ്യം വെയ്ക്കുന്നത്.
30
ഇതുവരെ 59 തവണ ജോക്കോവിച്ചിനെ നേരിട്ട നദാലിന്റെ 30-ാമത്തെ വിജയമാണിത്.
110
റോളാംഗ് ഗാരോയിലെ നദാലിന്റെ 110-ാം വിജയമാണിത്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം തോല്‍വി വഴങ്ങിയത്.
15
ഫ്രഞ്ച് ഓപ്പണിൽ നദാൽ 15-ാം തവണയാണ് സെമിയിലെത്തുന്നത്. 13 തവണ താരം കിരീടം നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |