മുംബയ്: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയെങ്കിൽ താരത്തെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. അഭിഷേക് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും പിന്നിൽ മൂന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഗിൽ ട്വന്റി 20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ അദ്ദേഹത്തിന് ഓപ്പണിംഗ് സ്ഥാനം തിരികെ ലഭിക്കുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു.
എന്നാൽ സഞ്ജുവിനെ പ്ലെയിംഗ് ഇലവനിൽ നിലനിർത്തണോ അതോ ഫിനിഷറുടെ സ്ഥാനത്ത് കൂടുതൽ പരിചയമുള്ള ജിതേഷ് ശർമ്മയെ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കുന്നതിൽ ടീം മാനേജ്മെന്റ് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്ന് ഗവാസ്കർ ചൂണ്ടി കാണിക്കുന്നു. സെപ്തംബർ 9ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിൽ കഴിവുള്ള രണ്ട് ബാറ്റ്‌സ്മാൻമാർ ഉള്ളതും ആവശ്യമെങ്കിൽ സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്താനും ആറാം സ്ഥാനത്ത് ഫിനിഷറായി ഇറക്കാൻ കഴിയുന്നതും സെലക്ഷൻ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയായി മാറിയിരിക്കുകയാണ്. ജിതേഷ് ഇക്കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. സെപ്തംബർ 10ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും ജിതേഷിന് പകരമായി സഞ്ജുവിനെ കളിപ്പിക്കണം. പിന്നീട് ശേഷിക്കുന്ന മത്സരങ്ങളിൽ താരത്തെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് അദ്ദേഹത്തിെന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.' സുനിൽ ഗവാസ്കർ പറഞ്ഞു.
തിലക് വർമ്മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും സമീപകാലത്ത് നടന്ന ട്വന്റി20 മത്സരങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്താണ് കളിച്ചത്. സഞ്ജുവിനെ മദ്ധ്യനിരയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് താരത്തിനെ ഓപ്പണിംഗ് നിരയിൽ സ്ഥാനം നൽകാൻ കഴിയുക. സഞ്ജുവിനെ മൂന്നാം സ്ഥാനത്തും തിലകിനെ അഞ്ചാം സ്ഥാനത്ത് ഫിനിഷർ ആക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ചിന്തിക്കുന്നുണ്ടാകാം.എന്നാൽ നിലവിലെ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയും ടീമിലുള്ളതിനാൽ അദ്ദേഹം വീണ്ടും അഞ്ചോ ആറോ സ്ഥാനത്തായിരിക്കും ബാറ്റ് ചെയ്യുക.' ഗവാസ്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |